കോണ്‍ഗ്രസ് വാക്കുകള്‍ പാലിക്കുക തന്നെയാണ്; ഛത്തീസ്ഗഢില്‍ 6100 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി; ഗുണം 16.65 ലക്ഷം കര്‍ഷകര്‍ക്ക്

Jaihind Webdesk
Tuesday, December 18, 2018

മധ്യപ്രദേശിന് പുറമേ ഛത്തീസ്ഗഢിലും വാഗ്ദാനം പാലിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 16.65 ലക്ഷം കര്‍ഷകരുടെ 6100 കോടി രുപയുടെ വായ്പകള്‍ എഴുതിത്തള്ളി. ചത്തീസ്ഗഢ് ഗ്രാമീണ ബാങ്കില്‍ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുളള ഹ്രസ്വകാല വായ്പകളാണ് എഴുതി ത്തള്ളുന്നതെന്ന് അധികാരമേറ്റെടുത്തതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ പറഞ്ഞു. കൂടാതെ പ്രതിസന്ധി നേരിടുന്ന ചോളം കര്‍ഷകര്‍ക്ക് തുണയായി താങ്ങുവില ക്വിന്റലിന് 1700 രൂപയില്‍ നിന്ന് 2500 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയ വാഗ്ദാനമാണ് നടപ്പാക്കപ്പെടുന്നത്. കഴിഞ്ഞദിവസം മധ്യപ്രദേശില്‍ അധികാരമേറ്റെടുത്തശേഷം കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ കമല്‍നാഥ് രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴിതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതിന് പിന്നാലെയാണ് ചത്തീസ്ഗഢില്‍ നിന്നുളള പ്രഖ്യാപനം വരുന്നത്. രാഹുല്‍ ഗാന്ധി നല്‍കിയ വാഗ്ദാനമനുസരിച്ച് അടുത്ത പ്രഖ്യാപനം രാജസ്ഥാനില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവിടുത്തെ കര്‍ഷകര്‍.

നോട്ടു നിരോധനവും ജി എസ് ടിയും കര്‍ഷകരുടെ നടുവൊടിച്ചെന്നും അധികാരത്തിലെത്തിയാല്‍ ഉടന്‍ കര്‍ഷകരുടെ ബാധ്യത എഴുതി തള്ളുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.