ദർശനത്തിനായി തയാറെടുത്ത് യുവതി പമ്പയിൽ; ഗൂഢാലോചന അന്വേഷിക്കണമെന്ന് പന്തളം രാജകുടുംബം

ശബരിമല ദർശനത്തിനായി തയാറെടുത്ത് ചാത്തന്നൂർ സ്വദേശിനിയായ യുവതി പമ്പയിലെത്തി. ദളിത് മഹിള ഫെഡറേഷൻ നേതാവായ മഞ്ജുവാണ് സന്നിധാനത്തേക്ക് പോകാൻ പമ്പയിൽ എത്തിച്ചേർന്നിട്ടുള്ളത്. ഇവർ ദർശനത്തിനായി പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് സംരക്ഷണയിൽ ദർശനത്തിനെത്തിയ യുവതികളെ നടപ്പന്തലിൽ വിശ്വാസികൾ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് അവർ തിരികെ പോരുകയായിരുന്നു. അതിനു പിന്നാലെയാണ് ചാത്തന്നൂർ സ്വദേശി മഞ്ജു ദർശനത്തിനായി പമ്പയിൽ എത്തിച്ചേർന്നിട്ടുള്ളത്. ഇതോടെ വീണ്ടും പമ്പയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ദർശനത്തിനെത്തിയ യുവതിയുമായി പൊലീസ് ചർച്ച നടത്തുകയാണ് . ഇവർ സന്നിധാനത്തേക്ക് പോകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ഇതിനിടെ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ലത ഭർത്താവിനും മകനുമൊപ്പം ദർശനത്തിനെത്തിയതും പ്രതിഷേധമുണ്ടാക്കിയിരുന്നു. ലതയുടെ പ്രായത്തെ ചൊല്ലിയുള്ള അഭ്യൂഹമാണ് പ്രതിഷേധത്തിന് അഗ്നി പകർന്നത്. എന്നാൽ ഇവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയതോടെ പ്രതിഷേധങ്ങൾ കെട്ടടങ്ങി.

കഴിഞ്ഞ ദിവസം പൊലീസ് സംരക്ഷണയിൽ യുവതികള്‍ സന്നിധാനത്തെ നടപ്പന്തലിൽ എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം രാജകുടുംബം രംഗത്തു വന്നിട്ടുണ്ട്.

Sabarimala
Comments (0)
Add Comment