‘മോന്‍സണ്‍ അറസ്റ്റിലായി, കൂടുതല്‍ വിവരങ്ങള്‍ വിളിക്കുമ്പോള്‍ നേരിട്ട് പറയാം’; അനിതയും ഐജി ലക്ഷ്മണും തമ്മിലുള്ള ചാറ്റ് പുറത്ത്

Jaihind Webdesk
Friday, October 15, 2021

 

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് ഐജി ലക്ഷ്മണും അനിത പുല്ലയിലും തമ്മില്‍ നടത്തിയ ചാറ്റ് പുറത്ത്. മോന്‍സന്‍റെ അറസ്റ്റിന് ശേഷം നടന്ന ചാറ്റിന്‍റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. മോൻസന്‍റെ അറസ്റ്റ് ഐ ജി ലക്ഷ്മണയെ അറിയിച്ചത് അനിത പുല്ലയിലാണെന്ന് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബര്‍ 25ന് രാത്രി 9.30 ശേഷം നടന്നിട്ടുള്ള വാട്‌സ്ആപ്പ് ചാറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘മോന്‍സ് അറസ്റ്റിലായി’ എന്ന് അനിത പുല്ലയില്‍ ലക്ഷ്മണിനോട് പറയുന്നു. ഇതിന് ലക്ഷ്മൺ നല്‍കിയ മറുപടി ഡിലീറ്റ് ചെയ്തിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രണ്ട് വര്‍ഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത ലക്ഷ്മണിനോട് പറയുന്നു. മോന്‍സണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വര്‍ഷം മുമ്പ് ബെഹ്‌റ ചോദിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. നാളെ വിളിക്കാനും കൂടുതല്‍ വിവരങ്ങള്‍ അപ്പോള്‍ പറയാമെന്നും അനിത പറയുന്നുണ്ട്. വിവരങ്ങള്‍ പങ്കുവെച്ചതിനുള്ള നന്ദി ലക്ഷ്മണ്‍ അറിയിച്ചു.  ഇതടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.

മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. പല ഉന്നതരേയും മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ലോക്നാഥ് ബെഹ്റയെ മോന്‍സണ്‍ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചത് ഇവരാണെന്നാണ് റിപ്പോർട്ടുകള്‍. അതേ സമയംമോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിനെ പറ്റി അനിത പുല്ലയിലിന് വ്യക്തമായി അറിയാമെന്നാണ് മോൻസന്‍റെ മുൻ ഡ്രൈവർ പറയുന്നത്. മോൻസന്‍റെ മാനേജർ എല്ലാ കാര്യങ്ങളും അനിതയോട് പറഞ്ഞിരുന്നതായും ഡ്രൈവർ വ്യക്തമാക്കുന്നു. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലില്‍ ഇവരെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്‍റെ നീക്കമെന്നാണ് റിപ്പോർട്ടുകള്‍.