‘പ്രവാസികളോട് എന്തിന് ഈ കൊടും ക്രൂരത’; ചാര്‍ട്ടേര്‍ഡ് വിമാന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പദ്മജ വേണുഗോപാല്‍

Jaihind News Bureau
Wednesday, June 3, 2020

 

കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ വ്യവസ്ഥകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാല്‍. പ്രവാസികളോട് എന്തിന് ഈ കൊടും ക്രൂരതയെന്ന് പദ്മജ വേണുഗോപാല്‍ ചോദിക്കുന്നു. മടങ്ങി വരുന്നവർ എത്ര പേരായാലും അവരെ സംരക്ഷിക്കാൻ എപ്പോഴും കേരളം സജ്ജമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ വീമ്പടിക്കുകയും കോടതി മുമ്പാകെ സർക്കാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത് കള്ളമായിരുന്നു എന്ന് ഇപ്പോൾ ജനത്തിന് ബോധ്യമായെന്നും പദ്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രവാസികളോട് എന്തിന് ഈ കൊടും ക്രൂരത, പിണറായി സർക്കാരേ? മടങ്ങി വരുന്നവർ എത്ര പേരായാലും അവരെ സംരക്ഷിക്കാൻ എപ്പോഴും കേരളം സജ്ജമാണെന്ന് 6 മണി വാർത്താ പാരായണത്തിൽ മുഖ്യൻ വീമ്പടിക്കുകയും, ബഹുമാനപ്പെട്ട കോടതി മുമ്പാകെ സർക്കാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത് കള്ളമായിരുന്നു എന്ന് ഇപ്പോൾ ജനത്തിന് ബോധ്യമായി. പ്രവാസി സംഘടനകൾ ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകരുത് എന്ന് കേരള മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു എന്ന വാർത്ത ഞെട്ടൽ ഉളവാക്കുന്നതാണ്. മുഖ്യന്റെ ഈ പിടിവാശി മൂലം ചാർട്ടേർഡ് വിമാനത്തിൽ വരാൻ ടിക്കറ്റ് ബുക്ക് ചെയ്തവർ പെരുവഴിയിലായി. ദുരിതത്തിൽ ആയ പ്രവാസികൾക്കായി സർക്കാർ ഫ്ളൈറ്റുകൾ ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് ഇൻകാസ്, കെ എം സി സി പോലുള്ള പ്രവാസി സംഘടനകൾ ചാർട്ടേർഡ് ഫ്ളൈറ്റുകൾ ഏർപ്പെടുത്തിയത്. വിമാന ടിക്കറ്റുകൾ നിശ്ചയിക്കുന്നത് വിമാന കമ്പനികളാണ്. ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾ ചെയ്യുന്നത് സേവന പ്രവർത്തനങ്ങൾ മാത്രമാണ്.. വേനൽ അവധിക്കാലത്ത് ഉയർന്ന നിരക്കിൽ പ്രവാസികളോട് ചാർജ് ഈടാക്കുമ്പോൾ മൗനം അവലംബിച്ച മുഖ്യമന്ത്രി, ഇപ്പോൾ ചാർജ്ജ് മറയാക്കി കേന്ദ്രത്തിൽ തടസ്സവാദം ഉന്നയിച്ച് അവരുടെ മടങ്ങിവരവിന് വഴിമുടക്കുകയാണ്. ഈ സർക്കാർ തന്നെ കോവിഡ് ദുരിത സമയത്ത് ഉയർന്ന യാത്രാനിരക്കിൽ ബസ് ചാർജ് ഈടാക്കി ഇപ്പോൾ കേരളത്തിൽ സർക്കാർ ബസുകൾ സർവ്വീസ് നടത്തിക്കുന്നു എന്നത് വിരോധാഭാസം.” കേറി വാ മക്കളേ, ഇവിടെ എല്ലാം സജ്ജമാണ് എന്നത് No.1 തള്ള് ആയിരുന്നു. നാളിതുവരെ ആയിട്ടും ഇവിടെ മറുനാട്ടിൽ നിന്ന് മടങ്ങിവരുന്ന മലയാളി മക്കൾക്കായി ക്രമീകരണങ്ങൾ ഒന്നും സജ്ജമാക്കിയിട്ടില്ല എന്നതാണ് വാസ്തവം.”