പെരിയ ഇരട്ടക്കൊലപാതകത്തിൽ തെളിവെടുപ്പ് പൂർത്തിയായി. ഇന്ന് കുറ്റപത്രം സമർപ്പിക്കും. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ പതിനാല് പ്രതികൾക്കെതിരായ കുറ്റപത്രമാണ് സമർപ്പിക്കുക. അതേസമയം, കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാതിരിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചില്ലെങ്കില്‍ കേസിലെ ഒന്നാംപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പീതാംബരന് ജാമ്യം ലഭിച്ചേക്കും. ഇതിനുപിന്നാലെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മറ്റ് 10 പേര്‍ക്കും ജാമ്യം ലഭിക്കാനിടയുണ്ട്.
കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി 17 നായിരുന്നു കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. കേസില്‍ അന്വേഷണ സംഘം കണ്ടെത്തിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കി.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന്‍ ഉള്‍പ്പടെ 14 പേരാണ് നിലവില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്. പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കേസിലെ ഒന്നാംപ്രതി പീതാംബരന്‍, രണ്ടാംപ്രതി സജി സി. ജോര്‍ജ്, മൂന്നാംപ്രതി കെ.എം സുരേഷ്, നാലാംപ്രതി കെ. അനില്‍കുമാര്‍, അഞ്ചാംപ്രതി ഗിജിന്‍, ആറാംപ്രതി ശ്രീരാഗ്, ഏഴാംപ്രതി അശ്വിന്‍, എട്ടാംപ്രതി സിബീഷ് എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 9 – 11 പ്രതികളായ മുരളി തന്നിത്തോട്, രഞ്ജിത്, പ്രദീപ് എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കെടുത്തില്ലെന്നുമാണ് കണ്ടെത്തല്‍.
12-ആം പ്രതി ആലക്കോട്ടെ മണി, 13-ആം പ്രതി സി.പി.എം ലോക്കല്‍ സെക്രട്ടറിയായ എന്‍. ബാലകൃഷ്ണന്‍, 14-ആം പ്രതി സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്‍ എന്നിവര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
അറസ്റ്റിലായവരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും, പ്രതികള്‍ക്ക് സഹായം ചെയ്തവരും ഉള്‍പ്പെടും. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമെന്ന് പറയുന്ന കുറ്റപത്രത്തില്‍ കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇത് പാര്‍ട്ടി നേതൃത്വത്തെ രക്ഷിക്കാനുള്ള അടവാണെന്നാണ് ആരോപണം. കേസില്‍ ഇനിയും ഉന്നതര്‍ പിടിയിലാകാനുണ്ടെന്നും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി 24ന് പരിഗണിക്കും.