പണം വാങ്ങിയിട്ടും ഫ്ളാറ്റ് നല്‍കാതെ വഞ്ചിച്ചു, ഗൗ​തം ഗം​ഭീ​റി​നെ​തി​രെ കുറ്റപത്രം

Jaihind Webdesk
Sunday, September 29, 2019

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ബി​ജെ​പി എം​പി​യും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗ​തം ഗം​ഭീ​റി​നെ​തി​രെ കുറ്റപത്രം. ഡൽഹി പൊലീസാണ് ഗംഭീറിനെതിരെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ചത്. ഗംഭീർ ഉൾപ്പെടെ നിരവധി ആളുകൾ കേസിൽ പ്രതികളാണ്.

2011ലാണ് കേസിന് ആസ്പദമായ സംഭവം. ​ഗാ​സി​യാ​ബാ​ദി​ലെ ഇ​ന്ധി​രാ​പു​ര​ത്ത് ഫ്ളാ​റ്റ് ബു​ക്ക് ചെ​യ്ത അ​മ്പ​തോ​ളം പേരെ വഞ്ചിച്ച രുദ്ര ബിൽഡ് വെൽ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, എച്ച്ആർ ഇൻഫ്രാസിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയാണ് കേസ്. ഇരു കമ്പനികളും ചേർന്ന് ഫ്ലാറ്റ് നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയ ശേഷം ഇവരെ വഞ്ചിക്കുകയായിരുന്നു.. വഞ്ചിക്കപ്പെട്ടവരുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഈ കമ്പനികളുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ഗൗതം ഗംഭീർ. 2011ൽ നടത്തിയ തട്ടിപ്പിൽ പരാതി ലഭിക്കുന്നത് 2016ലായിരുന്നു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് ഭാഷ്യം. പണം മുൻകൂറായി വാങ്ങിയിട്ട് ഫ്ലാറ്റ് നൽകാതെ തട്ടിപ്പ് നടത്തിയതായാണ് എഫ്ഐആർ.