ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അഞ്ച് ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ച് ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമാക്കി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15 ശതമാനം മാത്രമാകും നികുതി.
നിലവിൽ അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനം നികുതിയും ഇത്തവണ പ്രഖ്യാപിച്ചു. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിന് മേൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി നൽകണം.
ആദായനികുതി കണക്കുകൂട്ടുമ്പോൾ നിലവിലുണ്ടായിരുന്ന നൂറ് ഇളവുകളിൽ 70 എണ്ണം പിൻവലിച്ചിട്ടുണ്ട്. ഇതോടൊപ്പം പുതിയ നിരക്കോ പഴയ നിരക്കോ തുടരുന്നതിനും അനുമതി നൽകിയതായി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ കോർപറേറ്റ് ടാക്‌സ് 15 ശതമാനം മാത്രമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം പല പൊതുമേഖല ഓഹരികളും വിറ്റഴിക്കാൻ ബജറ്റ് നിർദേശിക്കുന്നുണ്ട്. നികുതി ഘടനയിലെ പരിഷ്‌കാരങ്ങളും കോർപറേറ്റ് നികുതികൾ കുറച്ചതും സ്വകാര്യ മേഖലയ്ക്ക് നേട്ടം ഉണ്ടാകാൻ മാത്രമേ കഴിയു എന്നാണ് ധനകാര്യ വിദഗ്ധരുടെ നിരീക്ഷണം.