ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ വാക്സിനേഷന് നയത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി. സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്സിന് നേരിട്ട് വാങ്ങാമെന്നതാണ് പ്രധാന മാറ്റം. വാക്സിന് നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണം. അവശേഷിക്കുന്ന 50 ശതമാനത്തില്‍ നിന്നാകും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാങ്ങാനാകുക.
18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മെയ് ഒന്നുമുതല്‍ വാക്സിന് വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരുകളും ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ആവശ്യക്കാരുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും.
മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്കാകും സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിന് നിര്‍മാതാക്കളില്‍ നിന്ന് വാങ്ങാനാകുക. വാക്സിന് സൗജന്യമായി നല്‍കണോ ജനങ്ങളില്‍ നിന്ന് പണം ഈടാക്കണോ എന്നത് ഇതോടെ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമായി മാറും. എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്ന് കേരള സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളും മെയ് ഒന്നിന് മുമ്പായി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും.
ആരോഗ്യ പവര്‍ത്തകര്‍,കൊവിഡ് മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്കി വരുന്ന സൗജന്യ വാക്സിനേഷന് ഇനിയും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കുന്നതിനുള്ള വാക്സിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറും. സംസ്ഥാനങ്ങള്‍ക്കും പൊതുവിപണികള്‍ക്കും വാക്സിന് ലഭ്യമാക്കുന്നതിലൂടെ വാക്സിനേഷന് വേഗത്തിലാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. 18 വയസിന് മുകളില്‍ എല്ലാവര്ക്കും അനുവദിക്കുന്നതിലൂടെ വാക്സിന് ഉത്പാദനം ഉയര്‍ത്തേണ്ടി വരും. നിലവിലുള്ള ഉത്പാദനം രാജ്യത്തെ ജനംസഖ്യാനുസൃതമായി പര്യാപ്തമല്ല.