വിലമതിക്കാനാകാത്ത കാവ്യശില്‍പ്പം: ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, സ്പന്ദിക്കുന്ന 76 വർഷങ്ങള്‍

 

ഒരുകാല ഘട്ടം വരെ നിലനിന്ന സാഹിത്യ സ്വഭാവങ്ങളെ എല്ലാം മാറ്റിമറിച്ച മഹാകവി. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള. അദ്ദേഹത്തെ ഇന്നും ഈ സമൂഹം ഓര്‍ക്കുന്നു. വായിക്കുന്നവരെ ലഹരിപിടിക്കുന്ന വരികളെഴുതിയാണ് ചങ്ങമ്പുഴ വിടവാങ്ങിയത്.

ചങ്ങമ്പുഴയുടെ രമണനും ചന്ദ്രികയും തമ്മിലുള്ള പ്രണയം കേവലം പ്രണയമല്ലെന്നും സമ്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള സംഘര്‍ഷമാണെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്. രമണനെഴുതുമ്പോള്‍ ചങ്ങമ്പുഴയ്ക്ക് ഇരുപത്തിയഞ്ച് വയസ്. എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുകയായിരുന്നു. അക്കാലത്തുതന്നെ അദ്ദേഹം കേരളത്തില്‍ അറിയപ്പെടുന്ന കവിയായിക്കഴിഞ്ഞു. ‘മരിച്ചുകഴിഞ്ഞാല്‍ പിന്നെയും നമുക്കൊരു ജീവിതമുണ്ടാകുമോ? നാം ഇവിടെ ചെയ്തിട്ടുള്ള കുറ്റങ്ങള്‍ മറ്റൊരു ലോകത്തില്‍ ഏറ്റുപറയേണ്ടിവരുമോ?’ എന്ന് സന്ദേഹിയായി ചോദിച്ചിട്ടുണ്ട് ചങ്ങമ്പുഴ. കുറ്റബോധത്തിന്‍റെയും ഏറ്റുപറച്ചിലിന്‍റെയും ആകുലതകളുടെയും മഹാകവിതകളായിരുന്നു അദ്ദേഹം എഴുതിയതും.

സ്ഥലവും സമയവുമെല്ലാം മറികടന്നുള്ള എഴുത്തായിരുന്നു ചങ്ങമ്പുഴയുടേത്. മലയാളി പ്രേമിക്കാന്‍ പഠിച്ചത് രമണീയമായ ആ കാവ്യകാലത്താണ്. ഇന്നും രമണന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. കവിതയെഴുതുമ്പോള്‍ അദ്ദേഹത്തിന് പ്രത്യേക കസേരയും മൂന്നുതട്ടുള്ള മേശയും വേണമായിരുന്നെന്ന് ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവി പറഞ്ഞിട്ടുണ്ട്. കാവ്യനര്‍ത്തകി, വാഴക്കുല, മണിവീണ, യവനിക, കലാകേളി, മാനസേശ്വരി, ആകാശഗംഗ തുടങ്ങിയ നിരവധി കൃതികള്‍ മലയാളികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നു. 1948 ജൂണ്‍ 17 ന് ക്ഷയ രോഗം അദ്ദേഹത്തെ മരണത്തിലേക്കെത്തിച്ചു. ഏഴര പതിറ്റാണ്ട് പിന്നിടുന്ന ചങ്ങമ്പുഴ ഓർമ്മകൾക്ക് മുന്നിൽ മലയാള സാഹിത്യ ലോകം നമസ്കരിക്കുന്നു.

Comments (0)
Add Comment