ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും; ഹെലികോപ്ടറിന് 80 ലക്ഷം നല്‍കാനുണ്ട്, ഉച്ചക്കഞ്ഞിക്ക് കൊടുക്കാന്‍ സർക്കാരിന് പണമില്ല: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, September 5, 2023

 

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്രവിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  ഇടതുമുന്നണി സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പുതുപ്പള്ളി ഫലത്തിലുണ്ടാകുക. അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരെ ജനം വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജനകീയ പ്രശ്നങ്ങളിൽനിന്നും ഒളിച്ചോടുന്ന, അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരായിട്ട് പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ടുചെയ്യും. തീർച്ചയായും ഈ ഉപതിരഞ്ഞെടുപ്പ് സർക്കാരിനെതിരായ വിലയിരുത്തലാകും. നല്ല ഭൂരിപക്ഷത്തോടെ ചരിത്രവിജയം ചാണ്ടി ഉമ്മന് ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് 80 ലക്ഷം മാറ്റിവെക്കുന്ന സർക്കാരിന് സ്കൂള്‍ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ പണമില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 3 മാസമായി ഇത് കുടിശികയാണ്. ലക്ഷക്കണക്കിന് രൂപ കടക്കരനായെന്ന് ഒരു അധ്യാപകന്‍ തന്നെ പറഞ്ഞിരിക്കുന്നു.  പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരന്‍റെയും മക്കളാണ് ഉച്ചക്കഞ്ഞി കഴിക്കുന്നത്. സർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ  ശക്തമായ വികാരം ഉയർന്നു വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.