തിരുവനന്തപുരം : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങേകാൻ ‘തണലേകാം കരുത്താകാം’ പദ്ധതിയുമായി ചാണ്ടി ഉമ്മൻ. പദ്ധതിയുടെ ഭാഗമായി 100 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ കൈമാറുന്നതിന്‍റെ ആദ്യ ഘട്ടത്തിന് തുടക്കമായി. സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം ഇന്ദിരാ ഭവനിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി നിർവഹിച്ചു.
വിദ്യാർത്ഥികളോട് ഓൺലൈൻ പഠനത്തിന് നിർദ്ദേശിച്ച സർക്കാർ എല്ലാപേർക്കും അതിനു വേണ്ട സൗകര്യങ്ങളുണ്ടോ എന്ന് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. അവരുടെ ദുരിതം കേട്ടറിഞ്ഞ് സഹായവുമായി രംഗത്തെത്തിയ ചാണ്ടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുമെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു. ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എസ് ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ജെ എസ് അഖിൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോട് എന്നിവർ സംസാരിച്ചു.