യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ ചാണ്ടി ഉമ്മന്‍ കോടതിയില്‍

Jaihind News Bureau
Tuesday, January 19, 2021

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാകാന്‍ സര്‍പ്രൈസ് എന്‍ട്രിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ കേസില്‍ വധശ്രമം ചുമത്തി അറസ്റ്റ് ചെയ്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി ചാണ്ടി ഉമ്മന്‍ ഹാജരായത്. അവിചാരിതമായാണ് ചാണ്ടി ഉമ്മൻ ഇന്ന് അഭിഭാഷക വേഷം അണിഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. അഞ്ച് പ്രവര്‍ത്തകര്‍ക്കും ചവറ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

പന്മന ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രചണത്തിനെത്തിയതായിരുന്നു ചാണ്ടി ഉമ്മന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുവെന്ന ജില്ലാ പ്രസിഡന്‍റ് അറിയിച്ചതിനെ തുടര്‍ന്നാണ് ചാണ്ടി ഉമ്മന്‍ ഹാജരായത്.

കൊവിഡ് കാലമായതിനാല്‍ കോട്ടും ഗൗണും നിര്‍ബന്ധമില്ലാത്തതിനാല്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ചാണ്ടി ഉമ്മന്‍ വേഗത്തില്‍ കറുത്ത പാന്‍റും ബാന്‍ഡും അണിഞ്ഞ് കോടതിയിലെത്തുകയായിരുന്നു. പൊതുപ്രവര്‍ത്തനത്തോടൊപ്പം സുപ്രീംകോടതിയില്‍ അഭിഭാഷകവൃത്തിയും ഒരുമിച്ചു കൊണ്ടുപോകുകയാണ് ചാണ്ടി ഉമ്മന്‍.