പാലക്കാട് : ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും പിണറായി വിജയന് കിട്ടുന്ന അടിയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. തരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എ.ഷീബയുടെ പ്രചാരണപരിപാടിയുടെ ഭാഗമായി മുതിർന്ന നേതാവ് എ.വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിഞ്ചുമക്കളുടെ കൊലയാളികളെ നീതിയ്ക്ക് മുന്നിലെത്തിക്കാൻ വേണ്ടിയാണ് വാളയാറിലെ അമ്മ ധർമ്മടത്ത് ധർമ്മ സമരം നടത്തുന്നത്. നീതിയ്ക്ക് വേണ്ടി ഒരമ്മയ്ക്കും ഇനി ഇത്തരമൊരു ഗതികേട് ഉണ്ടാകരുത്. വാളയാറിലെ അമ്മയുടെ കണ്ണീരിൽ സർക്കാർ ഉരുകി ഇല്ലാതാക്കും. പിണറായി സർക്കാരിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് വാളയാറിൽ പ്രകടമായത്. അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ആൾരൂപമായാണ് പിണറായി വിജയൻ അഞ്ചുവർഷം അധികാര കസേരിയിൽ ഇരുന്നത്. ഇത്തരമൊരു അവസ്ഥ ഇനി കേരളത്തിലെ പാവപ്പെട്ട അമ്മമാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ തൃശൂരിൽ നിന്നാണ് ചാണ്ടി ഉമ്മന്റെ പ്രചാരണം തുടങ്ങിയത്. മണലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയ് ഹരിയ്ക്ക് ഒപ്പം രാവിലെ വാടനാപ്പള്ളിയിൽ പ്രഭാതസവാരിയും ഭവനസന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് നാട്ടികയിലെ സുനിൽ ലാലൂർ ചാലക്കുടിയിലെ ടി.ജെ.സനീഷ്‌കുമാർ ജോസഫ് എന്നിവർക്ക് വേണ്ടി കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായുമായിരുന്ന സൽമാൻ ഖുർഷിദിനൊപ്പം റോഡ് ഷോയിലും പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം പാലക്ക് എത്തിയ അദ്ദേഹം നെന്മാറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.എൻ.വിജയകൃഷ്ണന് വേണ്ടി വടവന്നൂരിലും ചിറ്റൂരിലെ സുമേഷ് അച്യുതന് വേണ്ടി നല്ലേപ്പിള്ളിയിലും റോഡ്‌ഷോയിൽ പങ്കെടുത്തു. തുടർന്ന് തരൂരിലെത്തിയ അദ്ദേഹം കെ.എ.ഷീബയ്ക്ക് വേണ്ടി റോഡ്‌ഷോയിലും കുടുംബസംഗമത്തിലും പങ്കെടുത്തശേഷം പാലക്കാട് ഷാഫി പറമ്പിലിന് വേണ്ടി മാത്തൂരിലും കണ്ണാടിയിലും കുടുംബയോഗത്തിലും എത്തി.