ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല; ആശയവിനിമയത്തിന് ശ്രമം തുടരുന്നു; പ്രതീക്ഷയോടെ ഐ.എസ്.ആര്‍.ഒ

Jaihind Webdesk
Monday, September 9, 2019

ബംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ വിനിമയബന്ധം നഷ്ടമായ വിക്രം ലാന്‍ഡറുമായി ആശയവിനിമയം തുടരാന്‍ ശ്രമിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ. ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ നിലയിലാണ്. ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഒരു ചന്ദ്രദിനം അതായത് രണ്ടാഴ്ച്ചക്കുള്ളില്‍ ബന്ധം പുനഃസ്ഥാപിക്കാനാണ് ശ്രമം.

സോഫ്റ്റ് ലാന്‍ഡിങ് പരാജയത്തിന് ഇടയാക്കിയ തകരാര്‍ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു പഠനം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ഉള്‍പെടുന്ന ഫെയ്‌ലുവര്‍ അനാലിസിസ് കമ്മിറ്റിയാണ് പഠനം തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ ഓര്‍ബിറ്റര്‍ കണ്ടെത്തിയത്. ഓര്‍ബിറ്റര്‍ ലാന്‍ഡറിന്റെ ചിത്രം(തെര്‍മല്‍ ഇമേജ്) അയക്കുകയും ചെയ്തു.

ശനിയാഴ്ച പുലര്‍ച്ച ഒന്നേ മുക്കാലോടെയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങിന് ശ്രമിക്കവെ വെറും 2.1 കി.മീറ്റര്‍ അകലെവെച്ച് വിക്രം ലാന്‍ഡര്‍ സഞ്ചാരപഥത്തില്‍നിന്ന് തെന്നി മാറിയത്.

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ ഒന്നായിരുന്നു ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലുള്ള സോഫ്റ്റ്‌ലാന്‍ഡിങ്. അതേസമയം, അതിലെ ഓര്‍ബിറ്റര്‍ എന്ന ചാന്ദ്ര പരിക്രമണ പേടകം വിജയകരമായി ദൗത്യം തുടരുകയാണ്. ഏഴ് വര്‍ഷത്തോളം ഓര്‍ബിറ്റര്‍ ചന്ദ്രനെ ചുറ്റും. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങി മൂന്നേകാല്‍ മണിക്കൂര്‍ പിന്നിട്ടാല്‍ റോവര്‍ എന്ന ചാന്ദ്ര പര്യവേക്ഷണ വാഹനം അതില്‍ നിന്ന് പുറത്തിറങ്ങുന്നതായിരുന്നു പദ്ധതി.