അസത്യവും അശാസ്ത്രീയമായ ആശയങ്ങൾ രാജ്യത്ത് അടിച്ചേൽപ്പിക്കുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 31-ാമത് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്‌കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷ. സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ ചണ്ഡി പ്രസാദ് ഭട്ടിന് ഇന്ദിരാഗാന്ധി ദേശീയ സംയോജൻ പുരസ്‌കാരം സമ്മാനിച്ചു.
ജനങ്ങളോട് ഉത്തരവാദിത്വമില്ലാതെ ഭൂരിപക്ഷ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാര വേദിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രസംഗം ആരംഭിച്ചത്. അസഹിഷ്ണുത, വർധിച്ചുവരുന്ന അക്രമം, നമ്മുടെ ചരിത്രത്തെയും സമൂഹത്തെയും കുറിച്ചുള്ള വ്യതിചലിച്ച കാഴ്ചപ്പാടുകള്‍ അസത്യവും അശാസ്ത്രീയവുമായ ആശയങ്ങള്‍ അടിച്ചേല്‍പിക്കല്‍ എല്ലാമാണ് ഇന്ന് രാജ്യത്ത് കാണുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ഇന്ദിരാ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ കാലഘട്ടത്തിന് അതീതമായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷ അഭിപ്രായപ്പെട്ടു.
31-ാമത് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം സാമൂഹ്യ പ്രവർത്തകന്‍ ചണ്ഡി പ്രസാദ് ഭട്ടിന് സോണിയാ ഗാന്ധി സമ്മാനിച്ചു. 2017-2018 കാലയളവില്‍ ദേശീയ ഐക്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം. പത്ത് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ചണ്ഡി പ്രസാദ് ഭട്ടിന് നല്‍കുന്നത് ഉചിതമാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.