സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയിലെ മലയോരമേഖലയിൽ മഴ തുടരുന്നു, മലങ്കര ഡാം ഷട്ടറുകൾ ഉയർത്തും, മുന്നറിയിപ്പുമായി അധികൃതർ

 

ഇടുക്കി : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.  വെള്ളിയാമറ്റം പഞ്ചായത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റി പാർപ്പിച്ചു. മുവാറ്റുപുഴ തോടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പന്നിമറ്റം എല്‍പി സ്കൂളിലും വെള്ളിയാമറ്റം ഹയര്‍സെക്കന്‍ററി സ്കൂളിലും ക്യാമ്പുകള്‍ തുറന്നു. ഇവിടേക്ക് നാലു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍  മലങ്കര ഡാമിന്‍റെ നാലു ഷട്ടറുകള്‍ രണ്ടു മീറ്റര്‍ വീതം ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. മുവാറ്റുപുഴ തോടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യമുണ്ടായാലാണ് രണ്ടു മീറ്റര്‍ വീതം ഷട്ടറുകള്‍ ഉയര്‍ത്തുക. നിലവില്‍ നാല് ഷട്ടറുകളും ഒരുമീറ്റര്‍ വീതം ഉയര്‍ത്തിവെച്ചിരിക്കുകയാണ്.

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

Comments (0)
Add Comment