ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറുടെ അനുമതി. പത്ത് ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം. അതേസമയം മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡി അറസ്റ്റിനെതിരെ നൽകിയ ഹർജി സുപ്രീം കോടതിയും സോറനെ 10 ദിവസത്തെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ റാഞ്ചി പ്രത്യേക കോടതിയും പരിഗണിക്കും.
ഭൂരിപക്ഷം തെളിയിക്കുക ഇനി മഹാസഖ്യത്തിന്‍റെ ഉത്തരവാദിത്വമാണ്. എംഎൽഎമാരെ ബിജെപി ഒപ്പം നിർത്താൻ ശ്രമം നടത്തുന്നു എന്ന വിവരത്തിന് പിന്നാലെ എംഎൽഎമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ മഹാസഖ്യം നീക്കം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ എംഎൽഎമാർ റാഞ്ചി വിമാനത്താവളത്തിലേക്ക് എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ഹൈദരാബാദിലേക്കുള്ള വിമാനം റദ്ദാക്കുകയായിരുന്നു. അതേസമയം ബിജെപിക്ക് എതിരെ പോരാടുമെന്ന് ജെഎംഎം, കോൺഗ്രസ് എംഎൽഎമാര്‍ അഭിപ്രായപ്പെട്ടു.
ഭരണ പക്ഷത്തുള്ള 47-ൽ നാല് എംഎൽഎമാർ ബിജെപിയോട് അടുക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചംപയ് സോറനെ പിന്തുണയ്ക്കുന്ന 43 എംഎൽഎമാരെ ഗവർണർ സി.പി. രാധാകൃഷ്ണന് മുന്നിൽ കഴിഞ്ഞ ദിവസം ഹാജരാക്കുകയും എംഎല്‍എമാർക്കൊപ്പം രാജ്ഭവന് മുന്നിൽ നിന്നുള്ള വീഡിയോ ചംബൈ സോറൻ പുറത്തുവിടുകയും ചെയ്തു. 81 അംഗ നിയമസഭയിൽ പ്രതിപക്ഷത്തിന് 32 എംഎൽഎമാരുണ്ട്. കേവലഭൂരിപക്ഷത്തിന് ബിജെപിക്ക് 9 എംഎൽഎമാരെ അടർത്തി എടുത്താൽ മതി.
ഈ സാഹചര്യത്തിലാണ് ഗവർണർ ബോധപൂർവം സത്യപ്രതിജ്ഞ വൈകിച്ച് ബിജെപിക്ക് അവസരമൊരുക്കുകയാണെന്ന് മഹാസഖ്യം ആരോപിച്ചത്. എന്നാൽ ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയതോടെ ബിജെപിയുടെ കുതിരക്കച്ചവട ഭീഷണി മറികടന്ന് ഭൂരിപക്ഷം തെളിയിക്കേണ്ട ഉത്തരവാദിത്വം ഇനി മഹാസഖ്യത്തിന്‍റേതാണ്. അതേസമയം ബിജെപിയാകട്ടെ കാത്തിരുന്ന് കാണാമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.