ചാലിശ്ശേരി പീഡനം ; പെണ്‍കുട്ടി ഉപയോഗിച്ചത് ഹോട്ടല്‍ ഉടമയുടെ സിം കാർഡെന്ന് പൊലീസ്

Jaihind Webdesk
Tuesday, July 13, 2021

പാലക്കാട് : ചാലിശ്ശേരി പീഡനക്കേസില്‍ ലഹരി മാഫിയയും ലഹരി പാർട്ടി നടന്ന ഹോട്ടല്‍ ഉടമയും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. പീഡനത്തിരയായ പെണ്‍കുട്ടി അവസാനമായി ഉപയോഗിച്ചത് ഹോട്ടല്‍ ഉടമ വിനോദിന്‍റെ പേരിലുള്ള സിം കാർഡെന്ന് പൊലീസ് കണ്ടെത്തി.

ജൂണ്‍ 20ന്, കേസിലെ പ്രതി അഭിലാഷിനൊപ്പം കണ്ടെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് ബന്ധുക്കളാണ് ഫോണ്‍ കണ്ടെടുത്തത്. അഭിലാഷ് ഹോട്ടലില്‍ സ്ഥിരം വരാറുണ്ടെന്നും താത്കാലികമായി ഉപയോഗിക്കാനാണ് സിം കാർഡ് നല്‍കിയതെന്നുമാണ് വിനോദിന്‍റെ വിശദീകരണം. സിം കാർഡ് തിരിച്ചു കിട്ടാത്തതിനാല്‍ ഡ്യൂപ്ലിക്കേറ്റ് സിം കാർഡെടുത്തതായും വിനോദ് പൊലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടി ഉപയോഗിച്ച ഫോണില്‍ നിന്ന് ലഹരി ഉപയോഗിക്കുന്നതിന്‍റെ നിരവധി ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ലഹരി മരുന്നുപയോഗത്തിനും സ്ത്രീപീഡനത്തിനും ഹോട്ടല്‍ ഉയമയുടെ പിന്തുണയുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സിം കാര്‍ഡ് സംബന്ധിച്ച തെളിവുകള്‍ നിര്‍ണായകമാകും.