രഞ്ജിത്തിന്റെ വാദം പൊളിയുന്നു; ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മന്ത്രിയ്ക്ക് നല്‍കിയ കത്ത് പുറത്ത്


ചലച്ചിത്ര അക്കാദമിയില്‍ തനിക്കെതിരെ സമാന്തരയോഗം ചേര്‍ന്നിട്ടില്ലെന്ന ചെയര്‍മാന്‍ രഞ്ജിത്തിന്റെ വാദം പൊളിയുന്നു. അംഗങ്ങള്‍ മന്ത്രിക്ക് കൊടുത്ത കത്തിന്റെ പകര്‍പ്പ് പുറത്തായി. നേരിട്ടും ഓണ്‍ലൈനിലുമായി ഒന്‍പത് പേര്‍ പങ്കെടുത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങളടക്കമാണ് മന്ത്രിക്ക് കത്ത് കൈമാറിയത്. ഫെസ്റ്റിവല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ജനറല്‍ കൗണ്‍സില്‍ മെംബറായ കുക്കു പരമേശ്വരനോട് അക്കാദമിയിലെ താല്‍കാലിക ജീവനക്കാരി മോശമായി പെരുമാറിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ചെയര്‍മാന്‍ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് കൈക്കൊണ്ടതെന്നും കത്തില്‍ പറയുന്നു. ഫെസ്റ്റിവല്‍ ജോലികള്‍ അവസാനിപ്പിച്ച് വീട്ടില്‍ പോകണമെന്ന് പരുഷമായ ഭാഷയില്‍ ആക്ഷേപിച്ചുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. ചെയര്‍മാന്‍ തിരുത്തണമെന്നും അല്ലെങ്കില്‍ ചെയര്‍മാനെ നീക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെടുന്നു.കത്ത് നല്‍കിയതിന് പിന്നാലെ മന്ത്രി സജി ചെറിയാനെ നേരില്‍ കണ്ട് പരാതി നല്‍കാനും ഭരണസമിതി അംഗങ്ങള്‍ തയ്യാറെടുക്കുകയാണ്. ചലചിത്ര അക്കാദമിയിലെ ചില താല്‍ക്കാലിക ജീവനക്കാര്‍ ഭരണ സമിതി അംഗങ്ങളോട് മോശമായി പെരുമാറിയിട്ടും രഞ്ജിത് അവരെ നിയന്ത്രിക്കുന്നില്ലെന്നാണ് മറ്റൊരുപരാതി. വിവിധ വിഭാഗങ്ങളില്‍ ചുമതല വഹിക്കുന്ന അക്കാദമി ഉദ്യോഗസ്ഥരെ അപ്രതീക്ഷിതമായി രഞ്ജിത് മേളയുടെ സമാപനവേദിയില്‍ പ്രത്യേകം ക്ഷണിച്ച് അണിനിരത്തുകയും ചെയ്തിരുന്നു. അക്കാദമയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി സജി ചെറിയാനും സമ്മതിച്ചിരുന്നു. രഞ്ജിത്തിന്റെയും പരാതിക്കാരുടെയും ഭാഗം കേട്ടശേഷമെ നടപടികളിലേക്ക് കടക്കൂയെന്നാണ് സൂചന.

Comments (0)
Add Comment