ചൈത്ര തെരേസാ ജോണിന്‍റേത് ധീരമായ നടപടിയെന്ന് പൊതുസമൂഹം; കലിയടങ്ങാതെ സി.പി.എം നേതൃത്വം

Jaihind Webdesk
Sunday, January 27, 2019

കര്‍ത്തവ്യ നിര്‍വഹണത്തില്‍ ധീരമായ നടപടി സ്വീകരിച്ച ചൈത്ര തെരേസ ജോണിനെതിരായ സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ ജനരോഷം ഉയരുകയാണ്. സമൂഹമാധ്യങ്ങളില്‍ പിണറായി സര്‍ക്കാരിന്‍റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാലികയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ സി.പി.എമ്മുകാരെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു ഈ വനിതാ പോലീസ് ഓഫീസര്‍ സി.പി.എമ്മിന്‍റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ കയറിച്ചെന്നത്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് വനിതാമതില്‍ കെട്ടാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോലീസ് വകുപ്പ് തന്നെയാണ് ചൈത്രയെ വേട്ടയാടുന്നത്. ഒരേസമയത്ത് ഇരയ്ക്കൊപ്പം നില്‍ക്കുമെന്ന പ്രതീതി ഉണ്ടാക്കുകയും വേട്ടക്കാര്‍ക്കൊപ്പം ഓടുകയുമാണ് പിണറായിയും സി.പി.എം ജില്ലാ നേതൃത്വവും എന്നാണ് പ്രധാന ആരോപണം.

അതേസമയം ചൈത്ര തെരേസ ജോണിനെതിരെ കലിതുള്ളുകയാണ് സി.പി.എമ്മിന്‍റെ തിരുവനന്തപുരം ജില്ലാ നേതൃത്വം. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി കയറി പരിശോധന നടത്തിയ ചൈത്രയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പത്രസമ്മേളനം നടത്തി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സംസ്ഥാന സമിതിയംഗം വി ശിവന്‍കുട്ടിയും ആവശ്യപ്പെട്ടു. പ്രാദേശികമായൊരു വിഷയത്തില്‍ ഒരു പ്രതിയെ പിടിക്കാന്‍ പോലീസ് സി.പി.എമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറേണ്ട കാര്യമില്ലെന്നാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ ന്യായം. ഇത് മര്യാദകെട്ട നടപടിയാണെന്ന് ജില്ലാ സെക്രട്ടറി വിശേഷിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികളെ ഒളിപ്പിച്ച പാര്‍ട്ടി ഓഫീസിലേക്ക് കടന്ന് പരിശോധന നടത്താന്‍ ഒരു വനിതാ ഓഫീസര്‍ ധൈര്യം കാണിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ കര്‍ത്തവ്യബോധത്തെയും നീതിബോധത്തെയുമാണ് കാണിക്കുന്നത്. എന്തായാലും സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധവും ചൈത്ര എന്ന ധീരയായ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നിറയെ കയ്യടിയുമാണ് പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും നിറയുന്നത്.