മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ രാഷ്ട്രസേവാ പുരസ്‌കാരം ഡോ. ശശി തരൂരിന് ; ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും

 

ദുബായ് : മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ രാഷ്ട്രസേവാ പുരസ്‌കാരം മുന്‍ കേന്ദ്രമന്ത്രിയും രാജ്യാന്തര വ്യക്തിത്വവുമായ ഡോ. ശശി തരൂര്‍ എംപിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.

ജൂറി ചെയര്‍മാന്‍ ഡോ.പി.എ. ഇബ്രാഹിം ഹാജി, ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ , കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഏറാമല, ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ്, ട്രഷറര്‍ നജീബ് തച്ചംപൊയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മതനിരപേക്ഷ, ജനാധി പത്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ അഭിമാനമായ  ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ ഇടപെടലിനെ മുന്‍നിര്‍ത്തിയാണ് ശശി തരൂരിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ ഓണ്‍ലൈന്‍ വഴി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പുരസ്‌കാര സമര്‍പ്പണം കോഴിക്കോട് വെച്ച്

സിഎച്ച് രാഷ്ട്രസേവാ പുരസ്‌കാര സമര്‍പ്പണവും ‘മതനിരപേക്ഷ രാഷ്ട്രം; പ്രതിസന്ധിയും പ്രതിവിധിയും’ എന്ന വിഷയത്തില്‍ സെമിനാറും കോഴിക്കോട്ട് നടത്തുമെന്ന് കെഎംസിസി ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഏറാമല, ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് എന്നിവര്‍ അറിയിച്ചു.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ മുന്‍ നയതന്ത്രജ്ഞന്‍

ഇന്ത്യയില്‍ നിന്നുള്ള ഐക്യരാഷ്ട്രസഭയുടെ മുന്‍ നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ലോകസഭയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന തിരുവനന്തപുരം എംപിയുമാണ് ശശി തരൂര്‍. ഐക്യരാഷ്ട്രസഭയില്‍ വാര്‍ത്താവിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ശശി തരൂര്‍ എഴുത്തുകാരനും പ്രഭാഷകനും കൂടിയാണ്.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഇന്ത്യയ്ക്ക് ഗുണം ചെയ്തു എന്ന വാദം തള്ളുന്ന ശശി തരൂരിന്റെ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌ന്‌സ്’ എന്ന ഗ്രന്ഥത്തിന് 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ കൊണ്ട് സമ്പന്നമായ 21പുസ്തകങ്ങള്‍ ശശി തരൂരിന്റേതായി ഉണ്ട്. സാമ്രാജ്യത്വം, സങ്കുചിത ദേശീയത, ഫാസിസം എന്നിവയെ പ്രതിപാദിച്ച് ചരിത്രവും വര്‍ത്തമാനകാല അനുഭവങ്ങളും കോര്‍ത്തിണക്കി ശശി തരൂര്‍ നടത്തുന്ന എഴുത്തും പ്രഭാഷണവും ഗൗരവമേറിയ ചര്‍ച്ചയ്ക്കും ചിന്തക്കും വഴിതുറക്കാറുണ്ട്.

സി എച്ച് അവാര്‍ഡ് ജൂറി

ഡോ.പി.എ ഇബ്രാഹിം ഹാജി ചെയര്‍മാനും ഗ്രന്ഥകാരന്‍ എം.സി. വടകര, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുന്‍ അംഗം ടി.ടി. ഇസ്മായില്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവര്‍ അംഗങ്ങളുമായ  ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ധൈഷണികമായ നേതൃമഹിമ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും, അദ്ദേഹം ഉയര്‍ത്തിപിടിച്ച നിലപാടിന്റെ സൗന്ദര്യം എക്കാലവും ആസ്വദിക്കുന്നതിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായ് കോഴിക്കോട് ജില്ലാ കെഎംസിസി വിവിധ അനുസ്മരണ പരിപാടികള്‍ നടത്തി വരുന്നത്.

ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ , കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഏറാമല, ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ്, ട്രഷറര്‍ നജീബ് തച്ചംപൊയില്‍, ദുബായ് കെഎംസിസി സംസ്ഥാന നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, എന്‍.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍ , ജില്ലാ ഭാരവാഹികളായ  നാസര്‍ മുല്ലക്കല്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തു അരൂര്‍, തെക്കയില്‍ മുഹമ്മദ്, കെ.പി മൂസ്സ, വി.കെ.കെ റിയാസ്, ഇസ്മായില്‍ ചെരുപ്പേരി, അഹമ്മദ് ബിച്ചി, ഹാഷിം എലത്തൂര്‍,  അഷ്‌റഫ് ചമ്പോളി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments (0)
Add Comment