എംജി സർവകലാശാലയിൽ നിന്ന് വിസിയുടെ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റുകൾ കാണാതായി; പേര് ചേർത്താല്‍ ഒറിജിനല്‍: ഗുരുതര വീഴ്ച

 

കോട്ടയം: എംജി സർവകലാശാലയിൽ നിന്ന് പേര് എഴുതാത്ത 154 സർട്ടിഫിക്കറ്റുകൾ കാണാതായി. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളും ആണ് കാണാതായത്. ബാർ കോഡും ഹോളോഗ്രാമും വൈസ് ചാൻസിലറുടെ ഒപ്പും പതിച്ച സർട്ടിഫിക്കറ്റുകളാണ് പരീക്ഷാഭവനിൽ നിന്ന് കാണാതായത്. മവൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി അരവിന്ദകുമാർ സർട്ടിഫിക്കറ്റുകള്‍ കാണാതായ വിവരം സ്ഥിരീകരിച്ചു. പോലീസിൽ പരാതി നൽകുമെന്ന് പരീക്ഷാകൺട്രോളർ ഡോ. സി.എം ശ്രീജിത്ത് പറഞ്ഞു. പരീക്ഷാഭവനിലെ അന്വേഷണ റിപ്പോർട്ട് ഇന്നലെ ഉച്ചയോടെ വിസിക്കും, രജിസ്ട്രാർക്കും കൈമാറി.

പരീക്ഷാ ഭവനിൽ ജൂൺ 2 ന് പുതുതായി ചുമതലയേറ്റ സെക്ഷൻ ഓഫിസറാണ് 154 ബിരുദ, പിജി സർട്ടിഫിക്കറ്റുകൾ നഷ്ടമായകാര്യം കണ്ടുപിടിച്ചത്. അന്നുതന്നെ സെക്ഷൻ ക്ലാർക്കിന്‍റെ മേശയിൽ നിന്നു രണ്ടു പിജി സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിരുന്നു. എംജി സർവകലാശാലയുടെ ലോഗോയും ഇരുപതോളം സുരക്ഷാവാട്ടർമാർക്കുകളുമുള്ള സർട്ടിഫിക്കറ്റുകൾ ചെന്നൈയിലെ പ്രസിൽനിന്നു പ്രിന്‍റ് ചെയ്തു നേരിട്ട് സർവകലാശാലയിലെ സ്റ്റോറിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അവിടെനിന്ന് ആവശ്യമനുസരിച്ചുള്ളവ പരീക്ഷാഭവനിലെ ബന്ധപ്പെട്ട സെക്ഷനിൽ സൂക്ഷിക്കും. സെക്ഷൻ ഓഫീസർമാർക്കാണ് സർട്ടിഫിക്കറ്റുകളുടെ സൂക്ഷിപ്പുചുമതലയെങ്കിലും ഇതു കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ആരോപണമുണ്ട്.

പൂരിപ്പിക്കാത്ത ഈ സർട്ടിഫിക്കറ്റുകൾ പുറത്തുപോയാൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും. സർട്ടിഫിറ്റുകൾ കാണാതായതിനു പിന്നിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ ആണോ എന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പു തടയാൻ ഡിഗ്രി സർട്ടിഫിക്കറ്റ് ഹോളോഗ്രാം പരിഗണനയിലാണന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറയുമ്പോഴാണ് എംജി സർവകലാശാലയിൽ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ തന്നെ കാണാതാകുന്നത്. സർട്ടിഫിക്കറ്റുകൾ കൂട്ടത്തോടെ നഷ്ടമായതിന് പിന്നിൽ സർവ്വകലാശാല അധികൃതരുടെ ഗുരുതര വീഴ്ചയാണെന്നും ആരോപണം ഉയരുന്നുണ്ട്.

Comments (0)
Add Comment