ഇന്ധനനികുതി വര്‍ധനവില്‍ കൊള്ളലാഭം കൊയ്ത് മോദി സര്‍ക്കാര്‍; 6 വര്‍ഷത്തിനിടെ 12 തവണ വര്‍ധനവ്, ജനങ്ങളില്‍ നിന്നും കൊള്ളയടിച്ചത് 17 ലക്ഷം കോടി രൂപ

Jaihind News Bureau
Friday, May 8, 2020

 

6 വര്‍ഷത്തിനിടെ 12 തവണ പെട്രോളിന്‍റേയും ഡീസലിന്‍റേയും നികുതി വർധിപ്പിച്ച് ബിജെപി സർക്കാർ. ഈ ഇനത്തിൽ 17 ലക്ഷം കോടി രൂപ സർക്കാർ ജനങ്ങളിൽ നിന്നും ഈടാക്കി. ക്രൂഡ് ഓയിൽ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 11.14 രൂപക്ക് ഇന്ധനം രാജ്യത്ത് വിൽക്കാൻ കഴിയുന്ന സമയത്താണ് ഇത്ര ഭീമമായ തുക പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. ഇന്ധനവിലയിൽ കൊള്ള ലാഭം കേന്ദ്ര സർക്കാർ ഉണ്ടാകുമ്പോഴും ഈ തുക കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഉൾപ്പെടെ ഉപയോഗിക്കുന്നില്ല എന്ന വിമർശനമാണ് ഉയരുന്നത്.

2014 മേയ് 26ന് നരേന്ദ്രമോദി അധികാരത്തിൽ എത്തുമ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ബാരലിന് 108 യു എസ് ഡോളർ. അതായത് 6330 ഇന്ത്യൻ രൂപ.  6 വർഷം പിന്നിടുമ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് 23.38 ഡോളറിലേക്ക് താഴ്ന്നു. അതായത് ബാരലിന് 1772 രൂപ. കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 2014 ൽ ഒരു ലിറ്റർ ഇന്ധനത്തിന് 39.81 രൂപയാണ് ചെലവ് വരുന്നത്. 2020 ലേക്ക് എത്തുമ്പോൾ ഇത് 11.14 രൂപയായി ചുരുങ്ങി. ഇവിടെയാണ് മോദി സർക്കാരിന്റെ ഇന്ധന വിലയിലെ പകൽ കൊള്ള വ്യക്തമാകുന്നത്. രാജ്യത്ത് 11.14 രൂപക്ക് പെട്രോളും ഡീസലും വില്‍ക്കാൻ കഴിയുന്ന സമയത്താണ് പെട്രോളിന് 71.26 ഉം ഡീസലിന് 68.39ഉം കേന്ദ്ര സർക്കാർ ഈടാക്കുന്നത്.

2014 മുതൽ 2020 വരെയുള്ള 6 വർഷത്തിന് ഇടയിൽ 12 തവണയാണ് മോദി സർക്കാർ പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ചത്. 6 വർഷം കൊണ്ട് വർധിപ്പിച്ച നികുതി തുക പരിശോധിക്കുകയാണെങ്കിൽ ഡീസലിന് 28.17 രൂപയും, പെട്രോളിന് 23.50 രൂപയുമാണ്. ഇങ്ങനെ നികുതി വർധിപ്പിക്കുന്നതിലൂടെ 6 വർഷം കൊണ്ട് 17 ലക്ഷം കോടി രൂപയുടെ കൊള്ള ലാഭം കേന്ദ്ര സർക്കാർ ഉണ്ടാക്കി. കൊള്ള ലാഭം വഴി കേന്ദ്ര സർക്കാർ ഉണ്ടാക്കിയ 17 ലക്ഷം കോടി എവിടെ? ആർക്കാണ് ഈ കൊള്ള ലാഭം കൊണ്ട് ഉപകാരം ഉണ്ടായത് ? എന്നീ രണ്ട് ചോദ്യങ്ങളാണ് ഈ അവസരത്തിൽ  ഉയരുന്നത്.