കേന്ദ്രം വീണ്ടും കർഷകരെ വെല്ലുവിളിക്കുന്നു ; കാർഷിക നിയമം പിന്‍വലിക്കില്ല ; കർഷകർ സമരം അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി

കാർഷിക നിയമത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ചുറപ്പിച്ച് കേന്ദ്ര സർക്കാർ. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളാണ് പിൻവലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. പുതിയ മന്ത്രിസഭാ പുനസംഘടനയ്ക്കു ശേഷം നടന്ന ആദ്യ യോഗത്തിനു പിറകെയാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാർ കേന്ദ്രത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ കർഷകർ സമരം അവസാനിപ്പിച്ച് ചർച്ചയ്ക്ക് തയാറാകണമെന്ന് തോമാർ ആവശ്യപ്പെട്ടു. നിയമങ്ങളുമായി ബന്ധപ്പെട്ട മറ്റു സാധ്യതകൾ കർഷകരുമായി ചർച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

വിവാദ കാർഷികനയങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇതുവരെയായി 11 തവണ ചർച്ച നടത്തിയിട്ടുണ്ട്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയതോടെയാണ് എല്ലാ ചർച്ചകളും ഫലം കാണാതെ പോയത്. നിയമം പിൻവലിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് കേന്ദ്രം. കഴിഞ്ഞ ജനുവരി 22നാണ് അവസാനമായി ചർച്ച നടന്നത്. റിപബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തടക്കം നടന്ന ശക്തമായ കർഷകപ്രക്ഷോഭത്തിനുശേഷം പിന്നീട് ചർച്ചകൾക്കുള്ള വഴിതുറന്നിട്ടില്ല.

 

Comments (0)
Add Comment