രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്; കശ്മീരില്‍ കാറില്‍ സഞ്ചരിക്കണം, ആള്‍ക്കൂട്ടം പാടില്ല

 

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്ക് കേന്ദ്ര സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച ജമ്മു കശ്മീരിലേക്ക് യാത്ര പ്രവേശിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍ രംഗത്തെത്തിയത്. കശ്മീരിലെ ചില പ്രദേശങ്ങളിൽ കാൽനട യാത്ര ഒഴിവാക്കണമെന്നും പകരം ഇവിടങ്ങളില്‍ കാറിൽ സഞ്ചരിക്കണമെന്നുമാണ് നിർദേശം.

ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകാൻ പാടില്ലെന്നും കേന്ദ്ര സുരക്ഷാ ഏജൻസികള്‍ പറയുന്നു. രാഹുൽ ഗാന്ധിക്ക് നിലവിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കോൺഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ പഞ്ചാബില്‍ പര്യടനം തുടരുന്ന യാത്ര  നാളെ ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വീണ്ടും പഞ്ചാബിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ചയാണ് കശ്മീരില്‍ പ്രവേശിക്കുന്നത്. ജനുവരി 27 ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കും. ജനുവരി 30 ന് ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം.

Comments (0)
Add Comment