കേന്ദ്രമന്ത്രിയുടേത് ന്യൂനപക്ഷവിരുദ്ധ നിലപാടിന് തെളിവ് : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Tuesday, March 30, 2021

Oommen-Chandy

തിരുവനന്തപുരം : ട്രെയിന്‍  യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്രറെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്‍റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൊണ്ട് സംഭവത്തെ ന്യായികരിക്കാനുള്ള മന്ത്രിയുടെ ശ്രമം അപഹാസ്യമാണ് . നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. അത് പാടെ തള്ളിക്കൊണ്ടാണ് മറ്റൊരു മന്ത്രി ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിച്ചത്.

ആരോപണം നൂറു ശതമാനം ശരിയാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിത്. എന്നാല്‍ എഫ്‌ഐആര്‍ ഇടാനോ കേസ് എടുക്കാനോ പോലീസ് തയാറായില്ല. കുറ്റക്കാര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചില്ല. ഉത്തരേന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്.

സന്യാസാര്‍ത്ഥിനിമാരായ രണ്ടു പേരെ മതംമാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ട്രെയിനില്‍ സഹയാത്രികരായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയത്.