കൊവിഡ് വ്യാപനം തടയാനുള്ള സർക്കാർ ശ്രമങ്ങള്‍ക്ക് ഫലപ്രാപ്തിയില്ല ; കേന്ദ്ര സംഘം കേരളത്തിലെത്തും

Jaihind Webdesk
Monday, July 5, 2021

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ തുടരുകയാണ്. അതേസമയം കേൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്തെത്തി. ഇന്ന് തിരുവനന്തപുരം ജില്ലയിൽ സംഘം സന്ദർശനം നടത്തും.

സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല. രണ്ടു മാസത്തിനിടെ മൂന്ന് ദിവസം മാത്രമാണ് ടിപിആർ 10 ന് താഴെയെത്തിയത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടി പി ആർ 10.21 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തിയത്.

ഡോ. രുചി ജെയിൻ, ഡോ വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ സന്ദർശനം നടത്തുന്ന സംഘം ജില്ലാ കലക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ജനറൽ ആശുപത്രിയിലെയും മെഡിക്കൽ കോളജിലെയും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തും. നാളെ കൊല്ലത്തും മറ്റന്നാൾ പത്തനംതിട്ടയിലും കേന്ദ്ര സംഘം സന്ദർശനം നടത്തും.