എയര്‍ ഇന്ത്യയെ അടുത്തമാസം വില്‍പ്പനയ്ക്ക് വെയ്ക്കും; നടപടികള്‍ പൂര്‍ത്തിയാകുന്നു

Jaihind Webdesk
Sunday, October 20, 2019

ന്യൂഡല്‍ഹി: പൊതുമേഖല വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയാണ് കേന്ദ്രസര്‍ക്കാര്‍ സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 58000 കോടിയുടെ കടത്തിലാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ. ഇതുകൂടാതെ ദിനേന നഷ്ടത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്നതുമാണ് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലേക്ക് നീങ്ങിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായം. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ക്ക് അടിയറവ് വെയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ലേലംവിളിയെന്നുള്ള ആക്ഷേപം ശക്തമാണ്.

എയര്‍ ഇന്ത്യയെ കൈക്കലാക്കാന്‍ ചില കമ്പനികള്‍ ഇപ്പോഴേ താല്‍പര്യം പ്രകടിപ്പിച്ചതായാണ് സൂചനകള്‍. ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ ലേല നടപടികള്‍ ആരംഭിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക് ലേല സംവിധാനത്തിലൂടെയായിരിക്കും നടപടികള്‍. സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി പുതിയ സ്ഥാനക്കയറ്റങ്ങളും നിയമനങ്ങളും കമ്പനി നിര്‍ത്തിവെച്ചിരുന്നു.

നിലവില്‍ ഏതാണ്ട് 58,000 കോടി രൂപയുടെ ബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്. 2018ലാണ് എയര്‍ ഇന്ത്യ വില്‍പ്പനയുടെ ഭാഗമായി നിക്ഷേപകരില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു അന്ന് തീരുമാനം. അതോടൊപ്പം മാനേജ്മെന്റിന്റെ പൂര്‍ണ നിയന്ത്രണവും നിക്ഷേപകര്‍ക്ക് നല്‍കും. എന്നാല്‍ ബാക്കി ഓഹരികള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തുടരാനായിരുന്നു പദ്ധതി.

എന്നാല്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുളള താല്‍പര്യക്കുറവ് മൂലം അന്ന് വില്‍പ്പന നടക്കാതെ പോവുകയായിരുന്നു. 24 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ കൈവശം വയ്ക്കുന്നതും എയര്‍ ഇന്ത്യയുടെ ഭീമമായ കടവും അസംസ്‌കൃത എണ്ണയുടെ വിലയിലുള്ള അനിശ്ചിതത്വവും മറ്റുമായിരുന്നു നിക്ഷേപകരെ പിറകോട്ടടിപ്പിച്ച ഘടകങ്ങള്‍. ഈ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മോഡി സര്‍ക്കാര്‍ എയര്‍ ഇന്ത്യാ വില്‍പ്പനയ്ക്കായി പുതിയ പ്രൊപ്പോസല്‍ മുന്നോട്ടുവച്ചത്.

മുന്‍ തീരുമാനത്തില്‍ നിന്ന് മാറി എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരിയും വില്‍പ്പന നടത്താനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. 2019 ഡിസംബറോടെ എയര്‍ ഇന്ത്യ വില്‍പ്പന പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.