ന്യൂഡല്‍ഹി : പാചകവാതക സബ്‌സിഡി മുടങ്ങാതെ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നല്‍കാതിരിക്കുന്നതിലൂടെ 20,000 കോടിയിലധികം രൂപയാണ് കേന്ദ്രം ലാഭിക്കുന്നത്. എട്ട് മാസമായി സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്.
സിലിണ്ടര്‍ വാങ്ങുമ്പോള്‍ തന്നെ സബ്‌സിഡി തുക ഏജന്‍സിക്ക് നല്‍കുകയും ഇത് പിന്നീട് ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നതുമായിരുന്നു രീതി. കൊവിഡ് കാലത്ത് കഴിഞ്ഞ ജൂലൈയിലായിരുന്നു സബ്‌സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെ സബ്‌സിഡി തുക കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്. എന്നാല്‍ ഇതിനു ശേഷം എല്‍പിജി വില കുത്തനെ വര്‍ധിച്ചിട്ടും സബ്‌സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇന്ത്യയില്‍ ഏകദേശം 20 കോടി പേരാണ് ഗാര്‍ഹിക ആവശ്യത്തിന് പാചക വാതകം ഉപയോഗിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതു പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എട്ടുമാസം സബ്‌സിഡി നല്‍കാത്തതു വഴി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 20,000 കോടി രൂപയ്ക്ക് മുകളിലാണ്.
2.6 കോടി പേര്‍ക്ക് മാത്രമാണ് സൗജന്യ പാചക വാതക സിലിണ്ടറുകള്‍ നല്‍കുന്നത്. എണ്ണക്കമ്പനികള്‍ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ സബ്‌സിഡി നിരക്ക് വര്‍ധിപ്പിക്കുന്നതായിരുന്നു രീതി. ഇറക്കുമതിക്ക് സമ്മായ തുകയ്ക്ക് ഓരോ മാസത്തിന്റെയും തുടക്കത്തില്‍ എണ്ണക്കമ്പനികള്‍ പാചകവാതക വില നിശ്ചയിക്കും. ഇതനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിമാസം സബ്‌സിഡി നിശ്ചയിക്കുക.