നഴ്‌സിങ് മേഖലയിൽ വേതനവും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനുള്ള ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടിന്‍റെ കാര്യത്തിൽ വീണ്ടും കൈമലർത്തി കേന്ദ്രം. ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണെന്ന് പറഞ്ഞ് ഒഴിയുകയാണ് കേന്ദ്രം.
ആവശ്യമുന്നയിച്ച് ഇന്ത്യൻ പ്രഫഷനൽ നഴ്‌സസ് അസോസിയേഷൻ വീണ്ടും കത്തു നൽകിയെങ്കിലും നിർദേശങ്ങൾ നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന നിലപാട് ആവർത്തിക്കുകയാണ് കേന്ദ്രം. ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്ന ആവശ്യവുമായി അസോസിയേഷൻ, രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും അടക്കം നിവേദനം നൽകിയിരുന്നു.
ഇതിനായി സംസ്ഥാനങ്ങൾ നിയമനിർമാണം നടത്തുകയോ, മാർഗരേഖകൾ രൂപീകരിക്കുകയോ വേണം. നിരന്തരമായ ആവശ്യം ഉയർന്നിട്ടും ഹിമാചൽപ്രദേശ്, കർണാടക, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് തുടർനടപടി സ്വീകരിച്ചതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.