കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയം: പ്രവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് വി.ഡി സതീശന്‍; പ്രധാനമന്ത്രിക്ക് കത്ത്

Jaihind Webdesk
Wednesday, May 26, 2021

കേന്ദ്രത്തിന്‍റെ കൊവിഡ് വാക്സിനേഷന്‍ നയവുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടകള്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിന് കൊവിഡ് വാക്സിനേഷന്‍  സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ടു ഡോസും പൂര്‍ത്തീകരിച്ചവര്‍ക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. നിലവിലെ കേന്ദ്ര സർക്കാർ തീരുമാനപ്രകാരം കൊവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് എടുത്തതിനുശേഷം 12 ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. കൊവാക്സിൻ രണ്ടാമത്തെ ഡോസ് നൽകുന്നത് 4 ആഴ്ച കഴിഞ്ഞാണ്.

എന്നാല്‍ ഗൾഫ് രാജ്യങ്ങളിൽ കൊവാക്സിൻ അനുവദനീയമല്ല. ഇന്ത്യയിൽ നിന്നും പ്രവാസികളിൽ കൂടുതൽ പേരും ഗൾഫ് രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്. മടങ്ങി പോകുന്ന പ്രവാസികൾക്ക് കൊവിഷീൽഡ് വാക്സിൻ രണ്ടാമത്തെ ഡോസ് 4 ആഴ്ചയ്ക്ക് ശേഷം നൽകുന്ന കാര്യം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. കൊവാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കണമെന്ന് ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെടണമെന്നും വി.ഡി സതീശൻ അഭ്യര്‍ത്ഥിച്ചു.