രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാരുടെ സമരം അവസാനിപ്പിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കെ സുധാകരന്‍ എം.പി. പത്ത് മാസമായി ബി.എസ്.എന്‍.എല്ലിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. കേന്ദ്രം തൊഴിലാളി ദ്രോഹ നിലപാട് അവസാനിപ്പിച്ച് സമരം അവസാനിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെ സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.
കേരളത്തിൽ ആറായിരത്തോളവും രാജ്യത്താകെ അരലക്ഷത്തോളവും കരാർ തൊഴിലാളികൾ ശമ്പളമില്ലാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിലെ കരാർ തൊഴിലാളികളിൽ ആയിരത്തിലേറെ പേരെ യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ കഴിഞ്ഞ ഫെബ്രുവരിയിൽ പിരിച്ചുവിട്ടു. ശമ്പളം കിട്ടാതായതോടെ ബാക്കിയുള്ളവർ പണിമുടക്കിലും ആണ്. നേരത്തെ എട്ട് മണിക്കൂർ ജോലി ലഭിച്ചിരുന്നവർക്ക് ഇപ്പോൾ രണ്ട് മണിക്കൂറായി ജോലി ചുരുക്കി. കരാർ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പണമില്ലെന്ന വാദം അംഗീകരിക്കാനാവുന്നതല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ ടെലികോം കമ്പനികളെ വഴിവിട്ട രീതിയിൽ സഹായിക്കുന്നതിന് വേണ്ടി രാജ്യത്തിന്‍റെ അഭിമാനമായ പൊതുമേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നതെന്ന് കെ സുധാകരന്‍ എം.പി ആരോപിച്ചു. കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാര്‍ തൊഴിലാളി ദ്രോഹ നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.എസ്.എന്‍.എല്ലിലെ സമരം സംസ്ഥാനത്തെ കേടായ ലാന്‍ഡ് ഫോണുകള്‍ നന്നാക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണുള്ളത്. ബി.എസ്.എൻ.എല്ലിലെ 1.65 ലക്ഷം സ്ഥിരം ജീവനക്കാരിൽ 80,000 ജീവനക്കാർക്ക് സ്വയം വിരമിക്കലിന് അവസരം നല്‍കിയതോടെ ബി.എസ്.എൻ.എൽ പുതിയ പ്രതിസന്ധിയെ കൂടി ഉടൻ നേരിടേണ്ടി വരുമെന്നും കെ സുധാകരന്‍ പറഞ്ഞു. ലോകം 5 ജിയിലേക്ക് നീങ്ങുമ്പോഴാണ് രാജ്യത്തിന്‍റെ അഭിമാനമായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കുന്ന നടപടി കേന്ദ്രസര്‍ക്കാർ സ്വീകരിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. തൊഴിൽ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ അവരുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഹരിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ കരാർ ജീവനക്കാരുടെ വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും കെ സുധാകരൻ എം.പി വാർത്താകുറിപ്പിൽ അറിയിച്ചു.