ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്

 

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിക്കും. രാവിലെ 11 മണി മുതലാണ് ബഡ്ജറ്റ് അവതരണം. അതേസമയം ബഡ്ജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് എന്തൊക്കെ എന്ന ആകാംക്ഷയിലാണ് ഏവരും. ആദായ നികുതിയിലെ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നത് അറിയാന്‍ മണിക്കൂറുകളുടെ മാത്രം അകലം. സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏഴു തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടവും ഇതോടെ നിർമ്മല സീതാരാമന്‍റെ പേരിലാകും.

സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്. സർക്കാരിനെ താങ്ങി നിർത്തുന്ന ഘടക കക്ഷികളായ ജെഡിയു ,ടിഡിപി എന്നീ പാർട്ടികളുടെ സമ്മർദ്ദം ബഡ്ജറ്റില്‍ എങ്ങനെ പ്രതിഫലിക്കുമെന്നും അറിയാനാകും. ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടി ഒരു ലക്ഷം കോടിയിലേറെ തുകയുടെ പദ്ധതികളാണ് കേന്ദ്രത്തിൽ സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യാ മുന്നണി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അർഹമായ തുക അനുവദിക്കുന്നില്ല എന്ന പരാതിക്കിടെയാണ് മൂന്നാം മോദി സർക്കാരിന്‍റെ ബഡ്ജറ്റ് എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളം ഒഴികെ 22 സംസ്ഥാനങ്ങൾക്ക് എയിംസ് പ്രഖ്യാപിച്ചിട്ടുണ്ട്. ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങൾക്കുള്ള തുകയിൽ കുറവ് വരുത്തിയാൽ കേരളത്തിന് തിരിച്ചടിയാകും.

സാമ്പത്തിക സർവെ റിപ്പോർട്ട് ധനമന്ത്രി നിർമ്മല സീതാരാമന്‍ ഇന്നലെ പാർലമെന്‍റില്‍ വെച്ചിരുന്നു. സാമ്പത്തിക സർവേയിൽ കാർഷിക മേഖലയിലെ ജിഡിപി 4.7-ൽ നിന്നും 1.4 ആയി ഇടിഞ്ഞെന്ന് പരാമർശിക്കുന്നുണ്ട്. ദാരിദ്ര്യ സൂചികയ്ക്ക് ആനുപാതികമായിട്ടല്ല തൊഴിലുറപ്പ് പദ്ധതിയുടെ പണം വിതരണമെന്നും സാമ്പത്തിക സർവെയിൽ വ്യക്തമാക്കിയിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, സമൃദ്ധിയുടെ ഇടയിലുള്ള സ്ഥിരത, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും, സാമൂഹിക മേഖല, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മാനേജ്‌മെന്‍റ്, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ, സേവന മേഖല, അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

Comments (0)
Add Comment