‘അവര്‍ കോടികള്‍ മുടക്കി സെന്‍ട്രല്‍ വിസ്റ്റ നിർമിക്കുന്ന തിരക്കിലാണ്, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ദുരിതം കാണാന്‍ സമയമില്ല’: കെ.സി വേണുഗോപാല്‍ | Video

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ കാർഷിക-മത്സ്യത്തൊഴിലാളി മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അലംഭാവത്തിനെതിരെ കുത്തിയിരിപ്പ് സമരവുമായി കോൺഗ്രസ്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഒന്നും ചെയ്യുന്നില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി  കെ.സി വേണുഗോപാല്‍ പറഞ്ഞു. പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കാതെ കോടികള്‍ മുടക്കി സെന്‍ട്രല്‍ വിസ്റ്റ നിര്‍മിക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാരെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. തൈക്കാട് വില്ലേജ് ഓഫീസിന് മുന്നിലെ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം രാജ്യം വലിയ ദുരിതത്തെയാണ് അഭിമുഖീകരിക്കുന്നത്. കാർഷിക മേഖല കൂടുതൽ തകർന്നതോടെ കർഷകരുടെ സ്ഥിതി ദയനീയമായിരിക്കുകയാണ്. കർഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാനാവുന്നില്ല. ഇടനിലക്കാരുടെ കടന്നുകയറ്റത്തില്‍ കർഷകർക്ക് ഒന്നും ലഭിക്കുന്നില്ല. കർഷകർക്കായി പ്രഖ്യാപിച്ച പാക്കേജ് ആർക്കും ലഭിച്ചിട്ടില്ല. പ്രതിസന്ധിയെ നേരിടുന്ന മറ്റൊരു വിഭാഗമാണ് മത്സ്യ മേഖല. മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷിക-മത്സ്യ മേഖലകള്‍. ഈ മേഖലകളെ സംരക്ഷിക്കാനായി അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകരുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

തകർച്ചയെ നേരിടുന്ന പരമ്പരാഗത വ്യവസായങ്ങളെ നിലനിർത്താൻ മുൻഗണനാക്രമത്തിൽ പ്രത്യേക ബജറ്റ് തയാറാക്കണം. പി.എം കെയറിന്‍റെ സുതാര്യത സംബന്ധിച്ചും ആ തുക ചെലവഴിക്കുന്നത് എവിടെയാണെന്നത് സംബന്ധിച്ചും ആർക്കും ഒരറിവുമില്ല. കേന്ദ്ര സർക്കാർ ഇപ്പോഴും 20,000 കോടി മുടക്കി സെൻട്രൽ വിസ്റ്റ നിർമിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു സമരം. കെ.പി.സി.സി-ഡി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ വിവിധ ജില്ലകളില്‍ നടക്കുന്ന കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. തൈക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.

https://www.facebook.com/JaihindNewsChannel/videos/1606897569458557/

Comments (0)
Add Comment