തൊടുപുഴ : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസ മേഖലയെ തകർത്തു കൊണ്ടിരിക്കുകയാണെന്ന് കെ.പി.സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുത്തഴിഞ്ഞ പുസ്തകം പോലെയാണ് വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾ. എയ്ഡഡ് ഹയർ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍റെ 29-ാമത് സംസ്ഥാന സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തല തിരിഞ്ഞ വിദ്യാഭ്യാസ പരീക്ഷണം നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. ഫാസിസ്റ്റ് നയമാണ് ഇരുവർക്കുമുള്ളത്. പൊതുവിദ്യാഭ്യാസത്തിന്‍റെ തകർച്ചയ്ക്ക് വഴിയൊരുക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വ്യക്തമാക്കി. ഡോ. മാത്യു കുഴൽ നാടൻ, റോയി കെ പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാർ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.