കണ്ണൂർ: കണ്ണൂരിലെ സിപിഎം നേതാക്കളുടെ കള്ളപ്പണ മാഫിയാ ബന്ധം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. പെരിങ്ങോം ഏരിയയിൽ കള്ളപ്പണ മാഫിയാ ബന്ധത്തിൽ മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പാർട്ടിക്കകത്ത് ഒതുക്കിത്തീർക്കാൻ മാത്രം ലഘുവായ കാര്യമല്ല. .
കോടികളുടെ കളളപ്പണം വെളുപ്പിക്കാൻ സിപിഎം നേതാക്കൾ ഇടപാടു നടത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കത്തിൽ എൽഡിഎഫിലെ ഒരു ഘടകകക്ഷി നേതാവിന്റെ മകനെ ക്വട്ടേഷൻ സംഘം വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിനെ കേവലമായ അപകടമാക്കി ഒതുക്കുകയാണ് പോലീസ് ചെയ്തത്. വധശ്രമത്തിനിരയായ യുവാവിന്റെ പിതാവ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നാലു പേർക്കെതിരെ നടപടി ഉണ്ടായത്.
സിപിഎമ്മിന്റെ പാർട്ടി കോടതിയിൽ ഒത്തുതീർപ്പാക്കേണ്ട വിഷയമല്ല ഇതെന്ന് മാർട്ടിന് ജോർജ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന രാജ്യദ്രോഹപ്രവർത്തനങ്ങളാണ് ഭരണത്തിന്റെ പിൻബലത്തിൽ സിപിഎം മാഫിയാ സംഘങ്ങൾ നടത്തുന്നത്.
അതുകൊണ്ടു തന്നെ പാർട്ടി കോടതിയുടെ തീർപ്പിനു വിടാതെ ഇക്കാര്യം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും മാർട്ടിൻ ജോർജ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.