ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തോടുള്ള കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ സംഘപരിവാറിന്‍റെ ഭീരുത്വം: അനു ചാക്കോ

Jaihind Webdesk
Sunday, March 12, 2023

 

രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തോടുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ ഭീരുത്വത്തിന്‍റെ അടയാളമാണെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്‍റ് അനു ചാക്കോ. സംഘപരിവാർ രാഷ്ട്രീയത്തിന്‍റെ അപകടം തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെ എക്കാലവും നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ് ലാലു പ്രസാദ് യാദവ്. ലാലു പ്രസാദ് യാദവിനെതിരായ വേട്ടയാടൽ ഇപ്പോൾ കുടുംബത്തിനെതിരെയും തിരിഞ്ഞിരിക്കുന്നതായും അനു ചാക്കോ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയത്തെ അടിച്ചമർത്തുവാനുള്ള നിരന്തര പരിപാടിയാണ് രാജ്യമോട്ടാകെ ഇപ്പോൾ നടക്കുന്നത്. തേജസ്വി യാദവിനൊപ്പം ബിഹാറിൽ നിതീഷ് കുമാർ സർക്കാർ രൂപീകരിച്ച ദിവസം മുതൽ നരേന്ദ്ര മോദിക്ക് ഉറക്കം നഷ്ടമായെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഈ കൂട്ടുകെട്ട് തുടർന്നാൽ പിന്നെ ഭരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ഹിറ്റ്ലറെക്കാൾ മോശക്കാരനായ, സംഘപരിവാർ രാഷ്ട്രീയ അജണ്ടയുടെ വക്താവായ അമിത് ഷായ്ക്ക് അറിയാമെന്നും അനു ചാക്കോ പറഞ്ഞു.

ലാലു പ്രസാദ് യാദവ് പീഡിപ്പിക്കപ്പെടുന്നതുപോലെ രാജ്യത്ത് ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ വീട് നിരന്തരമായി റെയ്ഡ് ചെയ്യുന്നത് ഭരണകൂടത്തിന്‍റെയും, അത് നിയന്ത്രിക്കുന്ന ആളുകളുടെയും ബലഹീനതയാണ്. രാജ്യത്ത് കേന്ദ്ര ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഭീരുക്കൾ ആണ് ഈ രാജ്യം ഭരിക്കുന്നത് എന്നുള്ളത് ഈ രാജ്യത്തെ ജനതയ്ക്ക് തന്നെ അപമാനമാണെന്നും അനു ചാക്കോ കുറ്റപ്പെടുത്തി.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സമാഹരിച്ച് രാഷ്ട്രീയ ജനതാദളും ലാലു പ്രസാദ് യാദവും  ഉത്തരവാദിത്വം നിർവഹിക്കുക തന്നെ ചെയ്യുമെന്ന് അനു ചാക്കോ വ്യക്തമാക്കി. രാജ്യത്തെ ചിന്നഭിന്നമാക്കാൻ നടത്തിയ രഥയാത്രയെ ബിഹാറിന്‍റെ മണ്ണിൽ പിടിച്ചു കെട്ടാൻ ഉയർത്തിയ കരങ്ങൾക്ക് ഇന്നും ശക്തി ചോർന്നിട്ടില്ലെന്ന തിരിച്ചറിവാണ് വേട്ടയാടലിന് പിന്നില്‍. ഭരണകൂട ഭീകരതയെ എതിർക്കുവാനുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും അനു ചാക്കോ പ്രസ്താവനയില്‍ പറഞ്ഞു.