കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതാണ് സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന് കാരണമെന്ന് കേന്ദ്രത്തിന്‍റെ വിമർശനം

Jaihind Webdesk
Friday, February 4, 2022

ന്യൂഡൽഹി : കേരളത്തിൽ രോഗവ്യാപനം കൂടാനുള്ള പ്രധാന കാരണം കൊവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതാണെന്ന് കേന്ദ്രം. പ്രതിദിന രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൃത്യമായി റിപ്പോർട്ട് ചെയ്താൽ മാത്രമേ രോഗബാധിതമേഖല തരംതിരിക്കാനും വ്യാപനം തടയാനും കഴിയൂ എന്നും ആരോഗ്യമന്ത്രാലയം ജോയന്‍റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒക്ടോബർ മുതൽ ഫെബ്രുവരി രണ്ടുവരെ 24,730 മരണങ്ങൾ മുൻകാല പട്ടികയിൽ ചേർത്തു. എന്നാൽ ഫെബ്രുവരി രണ്ടിന് 1000 മരണങ്ങൾ മാത്രമാണ് മുൻകാല മരണമെന്ന നിലയിൽ റിപ്പോർട്ട് ചെയ്തത്. ഇങ്ങനെ കൃത്യമായി റിപ്പോർട്ട് ചെയ്യാത്ത പ്രവണത പാടില്ലെന്ന് കേന്ദ്രം പലതവണ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയതാണ്.

നിലവിൽ കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലാണ് അമ്പതിനായിരത്തിലധികം സജീവരോഗികളുള്ളത്. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. എന്നാൽ പല സംസ്ഥാനങ്ങളിലും ഇപ്പോൾ രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. രണ്ടാഴ്ചയ്ക്കിടെ രോഗസ്ഥിരീകരണ നിരക്ക് 10ശതമാനത്തിൽ കൂടുതലുള്ള ജില്ലകളുടെ എണ്ണം 406ൽ നിന്നും 297ലേയ്ക്കെത്തിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ കേരളത്തിൽ രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയുണർത്തുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി. ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആകെ റിപ്പോർട്ടു ചെയ്യുന്നതിന്റെ 24.68ശതമാനവും കേരളത്തിലാണെന്നും കേന്ദ്രം അറിയിച്ചു.