കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉറവിടം കാണിക്കണം, ബി.വി ശ്രീനിവാസിനെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്; കേന്ദ്രത്തിന്‍റെ പ്രതികാര നടപടി

Jaihind Webdesk
Friday, May 14, 2021

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ക്ക് മുന്‍നിരയിലുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെതിരെ ബിജെപിയുടെ പ്രതികാര നടപടി.  കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കാണമെന്ന് കാട്ടി ഡല്‍ഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തു. രാഷ്ട്രീയ പ്രേരിതമായ നടപടിയിൽ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും  ശ്രീനിവാസ് പ്രതികരിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ള ബി.വി ശ്രീനിവാസിന് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും കര്‍മ്മനിരതരായി രംഗത്തുണ്ട്. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിനുണ്ടായ വീഴ്ച വിദേശ മാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്തയാക്കിയിരുന്നു. ഓക്സിജന്‍ ലഭിക്കാതെ നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിരോധവും സാന്ത്വനവുമായി മാറി. കേന്ദ്രത്തിന്‍റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടായിരിക്കുന്നത്.

കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് ശ്രീനിവാസ് വ്യക്തമാക്കി. ഞങ്ങൾ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും കോൺഗ്രസ് വക്താവ് സുർജേ വാലയും വ്യക്തമാക്കി.