കൊവിഡില്‍ ഓക്സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്രം; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

Jaihind Webdesk
Wednesday, July 21, 2021

 

ന്യൂഡല്‍ഹി :  ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കൊവിഡ് രോഗികള്‍ ആരും  മരിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധം. കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം.

സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നോ ഓക്സിജന്‍ ക്ഷാമം മൂലം മരണമുണ്ടായി എന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്. മരണ കാരണങ്ങളിലെവിടെയും ഓക്സിജന്‍ ക്ഷാമം എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

കേന്ദ്ര നിലപാടിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച ഡല്‍ഹിയിലെ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പ്രതികരണം, ഹരിയാന, കര്‍ണ്ണാടക, ആന്ധ്ര സര്‍ക്കാരുകള്‍ കേന്ദ്രത്തിന് നല്‍കിയ അപേക്ഷകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുന്നത്.

ഓക്സിജന്‍ ക്ഷാമമുണ്ടായിരുന്നില്ലെങ്കില്‍ ആശുപത്രികള്‍ കോടതികളെ സമീപിച്ചതെന്തിനെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ചോദിച്ചു. നുണ പറയുന്നതിന് കേന്ദ്ര സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കേന്ദ്രം ഇങ്ങനെ കൈമലര്‍ത്തുമ്പോള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ എന്തുപറയുമെന്നും ശിവസേന ചോദിച്ചു.