മഹാമാരിയില്‍ ജനത്തെ സംരക്ഷിക്കാതെ കേന്ദ്രം ഒളിച്ചോടുന്നു : രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി : രാജ്യത്ത് ദുരിതം വിതയ്ക്കുന്ന കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പൂര്‍ണ്ണ പരാജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആദ്യ തരംഗത്തിന്‍റെ ഉത്തരവാദിത്വം കൊവിഡിന് മേലും രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ മേലും കെട്ടിവെക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചില ആശയങ്ങളും പ്രിയങ്കാ ഗാന്ധി മുന്നോട്ടുവെച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.

ഗ്രാമീണമേഖലയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള മരുന്നുകളുള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം, ഓക്‌സിജന്‍ സൗകര്യം, ആശുപത്രിക്കിടക്കകള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ അപര്യാപ്മാണ്. വ്യക്തമായ വാക്‌സിന്‍ നയം രൂപവത്കരിക്കുക, ബ്ലോക്കുകളിലും ഗ്രാമങ്ങളിലും കൂടുതല്‍ പരിശോധനാസൗകര്യവും ചികിത്സാസൗകര്യവും എത്രയും പെട്ടെന്ന് ഏര്‍പ്പെടുത്തുക, കൊവിഡിന് പിന്നാലെ പടര്‍ന്നു പിടിക്കുന്ന ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനുമെതിരെ കൃത്യമായ ചികിത്സാ പദ്ധതി ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക, കൊവിഡിന്‍റെ മൂന്നാം തരംഗത്തിനെ നേരിടാന്‍ സജ്ജമാകുക. സെന്‍ട്രല്‍ വിസ്ത പോലെയുള്ള പദ്ധതികള്‍ നിര്‍ത്തി വെച്ച് ആ പണം കൊവിഡ് പ്രതിരോധത്തിനും കൊവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്കും നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും പ്രിയങ്കാ ഗാന്ധി മുന്നോട്ടുവെച്ചു.

ആദ്യതരംഗത്തിന്‍റെ ഉത്തരവാദിത്വം കൊവിഡിന് മേല്‍ തന്നെ കെട്ടി വെച്ച കേന്ദ്രസര്‍ക്കാര്‍ രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തലും വാക്‌സിന്‍ വിതരണവുമൊക്കെ സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ കെട്ടിവെച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ സ്ഥിതി ദയനീയമാണെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍ അനുബന്ധ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളെ കൊവിഡിതര മരണങ്ങളായി പ്രഖ്യാപിക്കാന്‍ അധികൃതര്‍ വ്യഗ്രത കാണിക്കുന്നു. രാജ്യത്തുടനീളം 400 ജില്ലകളില്‍ ഇപ്പോഴും പോസിറ്റിവിറ്റി നിരക്ക് രണ്ടക്കമാണ്. സംസ്ഥാനത്തെ കൊവിഡ് പരിശോധന കാര്യക്ഷമമല്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരിശോധനാസൗകര്യം അപര്യാപ്തമാണ്. അതിനാല്‍ ഗ്രാമങ്ങളിലെ രോഗികളുടെ കൃത്യമായ കണക്ക് ലഭിക്കുന്നില്ല. ഭീകരവും പരിതാപകരവുമാണ് സാഹചര്യമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ശരിയായ കണക്കുകളില്ലെങ്കില്‍ കൊവിഡിനെതിരെയുള്ള പോരാട്ടം പരാജയപ്പെട്ടേക്കാം. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സത്യാവസ്ഥ പുറത്തുവിടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

 

Comments (0)
Add Comment