കാർഷിക നിയമം : കേന്ദ്രവും കർഷക സംഘടനകളുമായുള്ള പത്താംവട്ട ചർച്ച ഇന്ന്

Jaihind News Bureau
Wednesday, January 20, 2021

 

ന്യൂഡല്‍ഹി :  കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങളിൽ പത്താംവട്ട ചർച്ച ഇന്ന്. കാർഷിക നിയമങ്ങളിൽ ഇരുകൂട്ടരും നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ ഇന്നത്തെ ചർച്ചയിലും സമവായം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ഉച്ചക്ക്‌ രണ്ടുമണിക്ക് വിഗ്യാൻ ഭവനിലാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. 40 കർഷക സംഘടന നേതാക്കൾ ചർച്ചയുടെ ഭാഗമാകും. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ, റയിൽ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ നിശ്ചയിച്ചിട്ടുള്ള ട്രാക്ടർ റാലി ചോദ്യം ചെയ്ത് ഡൽഹി പൊലീസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതിനിടെ കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി നാളെ കർഷകരുമായി കൂടിക്കാഴ്ച നടത്തും.