വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ; സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യും

Jaihind Webdesk
Wednesday, May 25, 2022

 

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരും. ഇതിന്‍റെ ഭാഗമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ ചോദ്യം ചെയ്യും. കേസിലെ പ്രതി സരിത്തിനോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. തിരുവനന്തപുരം സിബിഐ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. അതേസമയം സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ സുപ്രീം കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് സിബിഐ കേസന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

സരിത്തിന് പുറമേ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും സ്വപ്നയെയും ചോദ്യം ചെയ്യും. വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമാണത്തിന്‍റെ മറവിൽ സർക്കാരും സ്വർണ്ണക്കടത്തു കേസ് പ്രതികളും ചേർന്ന് കോടികൾ തട്ടിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. വിജിലന്‍സ് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ സിബിഐ അന്വേഷണം തുടരാം എന്നായിരുന്നു ഹൈക്കോടതി നിലപാട്. തുടര്‍ന്ന് അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയെങ്കിലും സിബിഐ അന്വേഷണം തുടരുന്നതില്‍ തെറ്റില്ല എന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. ഇതോടെ നേരത്തേ ആരംഭിച്ചിരുന്ന അന്വേഷണം തുടരാന്‍ സിബിഐ തീരുമാനിക്കുകയായിരുന്നു.