ഫാത്തിമ ലത്തീഫിന്‍റേതടക്കം മദ്രാസ് ഐ.ഐ.ടിയിലെ ദുരൂഹമരണങ്ങൾ സിബിഐ അന്വേഷിക്കും

കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്‍റേതടക്കം മദ്രാസ് ഐ.ഐ.ടിയിലെ ദുരൂഹമരണങ്ങൾ സിബിഐ അന്വേഷിക്കും. ഫാത്തിമയുടെ പിതാവും സഹോദരിയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടപ്പോഴാണ് സർക്കാരിന്‍റെ ഉറപ്പ്. ഇത് സംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. മകളുടെ മരണത്തിൽ സഹപാഠികൾക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് പിതാവ് ലത്തീഫ്.

വനിതാ ഐ.ജിയുടെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കകം പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകാനും തീരുമാനമായി. മകളുടെ മരണത്തിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അഭ്യർഥിച്ചാണ് അബ്ദുൾ ലത്തീഫും കുടുംബാംഗങ്ങളും കേന്ദ്ര സർക്കാരിനെ സമീപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന മാനസികപീഡനങ്ങളെക്കുറിച്ചും അക്കാഡമിക് പ്രവർത്തനങ്ങളെക്കുറിച്ചും പരിശോധിക്കുമെന്നും ഫാത്തിമയുടെ മാതാപിതാക്കൾക്ക് കേന്ദ്രം ഉറപ്പുനൽകി. കേരളത്തിൽനിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് അമിത് ഷായെ സന്ദർശിച്ചത്. രാഹുൽ ഗാന്ധി അടക്കം 37 എം.പിമാർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകി. നിലവിൽ തമിഴ്‌നാട് സെൻട്രൽ ക്രൈംബ്രാഞ്ചാണു ഫാത്തിമയുടെ മരണം അന്വേഷിക്കുന്നത്.

എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, ടി.എൻ. പ്രതാപൻ, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, രമ്യാ ഹരിദാസ്, ഫാത്തിമയുടെ ഇരട്ട സഹോദരി ആയിഷ, കൊല്ലം മുൻ മേയർ അഡ്വ. വി. രാജേന്ദ്രബാബു എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

നവംബർ ഒമ്പതിനാണു ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. അധ്യാപകനായ സുദർശൻ പത്മനാഭനാണ് മരണത്തിന് ഉത്തരവാദിയെന്നു കുറിപ്പിലുണ്ടായിരുന്നു.

Fathima LatheefChennai IIt
Comments (0)
Add Comment