‘സിബിഐ അന്വേഷണം വേണം’; പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയില്‍

 

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നത്.

സിപിഎം നേതാവ് പ്രതിയായ കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാകുമെന്ന് കരുതാനാകില്ല. ഭരണതലത്തില്‍ അടക്കം പ്രതിയായ സിപിഎം നേതാവിന് വലിയ സ്വാധീനമുണ്ട്. അതിനാല്‍ കേരളത്തിന് പുറത്തുള്ള കേന്ദ്ര ഏജന്‍സി അന്വേഷിച്ച് നീതി നല്‍കണമെന്നാണ് കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സിപിഎം നേതാവ് പ്രതിയായ പോലീസിന്‍റെ അന്വേഷണം കേസ് അട്ടിമറിക്കാനും തെളിവു നശിപ്പിക്കപ്പെടാനും ഇടയാക്കുമെന്ന് കുടുംബം ഹര്‍ജിയില്‍ ആശങ്കപ്പെടുന്നു. ഹര്‍ജി അടുത്ത ദിവസം തന്നെ ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. നേരത്തെ, നവീന്‍ ബാബുവിന്‍റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിയിരുന്നു. അടുത്തമാസം മൂന്നിനായിരിക്കും വിധി പ്രസ്താവിക്കുക.

അന്വേഷണം തടസപ്പെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകള്‍ സംരക്ഷിക്കണമെന്നും കുടുംബത്തിന്‍റെ അഭിഭാഷകന്‍ തലശേരി കോടതിയില്‍ വ്യക്തമാക്കി.

പ്രതിയുടെയും സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍, കളക്ട്രേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാര്‍ട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പി.പി. ദിവ്യയുടെയും കളക്ടറുടെയും സ്വകാര്യഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.

Comments (0)
Add Comment