കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind Webdesk
Saturday, July 30, 2022

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡെപ്പോസിറ്റ് ഗ്യാരന്‍റി സ്കീമിലെ അപാകതകൾ തിരുത്തി ഓർഡിനൻസ് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

ബാങ്കിൽ 30 ലക്ഷം രൂപയുണ്ടായിരുന്നിട്ടും വിദഗ്ധ ചികിത്സയ്ക്ക് പണം ലഭിക്കാതെ നിക്ഷേപക മരിച്ച ദൗർഭാഗ്യകരമായ സംഭവം പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. നിക്ഷേപകരെല്ലാം കടുത്ത ആശങ്കയിലാണെന്നും സഹകരണബാങ്കുകളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ഡെപ്പോസിറ്റ് ഗ്യാരന്‍റി സ്‌കീമിലെ അപാകതകൾ പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. നിക്ഷേപിക്കുന്ന മുഴുവൻ തുകയ്ക്കും ഗ്യാരന്‍റി ഉറപ്പാക്കണം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 300 കോടിയുടെ തട്ടിപ്പിന് പിന്നില്‍ ജീവനക്കാർ മാത്രമല്ല, സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.