‘ലാവലിൻ പരിഗണിക്കുമ്പോൾ സിബിഐ വക്കീലിന് പനി വരും’ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, August 25, 2022

 

ലാവലിന്‍ കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സിബിഐ അഭിഭാഷകന്‍ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസ് പരിഗണിക്കുന്ന ദിവസം സിബിഐ വക്കീലിന് പനി വരുമെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. സിപിഎമ്മും ബിജെപിയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിനായി പ്രവർത്തിക്കുന്ന ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

രാവിലെ സിപിഎം – ബിജെപി വിരോധം പരസ്പരം പ്രകടിപ്പിക്കും. രാത്രിയില്‍ ഒത്തുകൂടും. ഇതാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നതെല്ലാം സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള ഒത്തുകളിയാണ്. ആദ്യം എതിര്‍ക്കുകയും പിന്നീട് ഒരുമിച്ചാവുകയും ചെയ്യുന്നതാണ് സംഘപരിവാർ ഏജന്‍റായ ഗവര്‍ണറുടെ രീതി. ഇതേ സംഘപരിവാര്‍ അജണ്ട തന്നെയാണ് പിണറായി വിജയന്‍ സർക്കാർ ഇവിടെ നടപ്പാക്കുന്നത്. പ്രതിപക്ഷത്തിന്‍റെ നിലപാട് പ്രശ്നാധിഷ്ഠിതമാണെന്നും സര്‍ക്കാരോ ഗവര്‍ണറോ ആര് തെറ്റ് ചെയ്താലും അത് ചോദ്യം ചെയ്യുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേർത്തു.