എന്‍.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയിലൂടെ പിടിമുറുക്കുന്നു. നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാട്ടി ഇവര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കൊപ്പം എന്‍.ഡി.ടി.വി മുന്‍ സി.ഇ.ഒ വിക്രമാദിത്യ ചന്ദ്രക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ചന്ദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്.
നികുതി ഇളവുള്ള രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് നിക്ഷേപം എത്തിച്ചെന്ന് സി.ബി.ഐ ആരോപിക്കുന്നു. ഇതിനായി ഹോളണ്ട്, യു.കെ, ദുബായ്, മൌറീഷ്യസ് തുടങ്ങിയ നികുതിയിളവുള്ള രാജ്യങ്ങളില്‍ 32 അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിച്ചതായും സി.ബി.ഐ പറയുന്നു. ഇവിടങ്ങളില്‍നിന്ന് അനധികൃതമായ രീതിയില്‍ ഇന്ത്യയിലേയ്ക്ക് ഫണ്ട് നിക്ഷേപമായി കൊണ്ടുവന്നെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.
അതേസമയം സി.ബി.ഐയുടെ കണ്ടെത്തലുകള്‍ക്കെതിരെ എന്‍.ഡി.ടി.വി രംഗത്തെത്തി. സ്വതന്ത്ര മാധ്യമങ്ങളെ തുടർച്ചയായി ഉപദ്രവിക്കുന്നതിന്‍റെ ഭാഗമായാണ് നിലവിലെ നീക്കമെന്ന് എന്‍.ഡി.ടി.വി പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. നിരവധി അന്വേഷണം നടത്തിയിട്ടും എന്‍.ഡി.ടി.വിക്കെതിരെ അഴിമതി ആരോപണങ്ങളില്‍ തെളിവ് കണ്ടെത്താന്‍ സി.ബി.ഐക്ക് ആയില്ല. എൻ.ഡി.ടി.വി സ്ഥാപകരായ പ്രണോയിയും രാധിക റോയിയും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹകരിച്ചിരുന്നതായും നിലവിലെ നീക്കം പരിഹാസ്യമാണെന്നും എന്‍.ഡി.ടി.വി വ്യക്തമാക്കി.
സ്വകാര്യ ബാങ്കിന് സാമ്പത്തിക നഷ്ടം വരുത്തി എന്ന ആരോപണത്തില്‍ നേരത്തെയും എന്‍.ഡി.ടി.വിക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. എന്നാല്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചാനല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്ന് എന്‍.ഡി.ടി.വി ആരോപിച്ചിരുന്നു.
എതിര്‍ ശബ്ദമുയർത്തുന്നവരെ സി.ബി.ഐയും എന്‍ഫോഴ്മെന്‍റിനെയും ഉപയോഗിച്ച് നിശബ്ദരാക്കാനും വേട്ടയാടാനുമുള്ള ശ്രമം മോദി സർക്കാര്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ചിദംബരത്തെ എങ്ങനെയെങ്കിലും ജയിലിലെത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് അമിത് ഷായും കേന്ദ്ര ഭരണകൂടവും.