പെരിയ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം സിപിഎം ഓഫീസില്‍. ഉദുമ ഏരിയ കമ്മിറ്റി ഓഫീസില്‍ സിബിഐ പരിശോധന നടത്തി. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് പരിശോധന നടത്തിയത്. ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ മൊഴിയെടുത്തു. ഇരക്കൊലയ്ക്ക് ശേഷം കേസിലെ നാല് പ്രതികള്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നു.
കൊല നടത്തിയ കല്യോട്ടും പ്രതികള്‍ വസ്ത്രം കത്തിച്ച സ്ഥലത്തും സംഘം പരിശോധന നടത്തി.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.
ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ സംശയമുയർത്തിയാണു കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന സജി ജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല്‍ സ്വദേശിയും തെങ്ങു കയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം.സുരേഷ് (27), ഓട്ടോ ഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ.അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി.ഗിജിന്‍ (26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയില്‍ ആര്‍.ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാംകാട്ടെ എ.അശ്വിന്‍ (അപ്പു-18), പാക്കം വെളുത്തോളിയിലെ എ.സുബീഷ് (29), തന്നിത്തോട്ടെ എം.മുരളി (36), തന്നിത്തോട്ടെ ടി.രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടന്‍ (42), ആലക്കോട് ബി.മണികണ്ഠന്‍, പെരിയയിലെ എന്‍.ബാലകൃഷ്ണന്‍, കെ.മണികണ്ഠന്‍ എന്നിവരാണ് 1 മുതല്‍ 14 വരെ പ്രതികള്‍.