ജാഗ്രത; കല്ലാർ ഡാമിന്‍റെ ഷട്ടറുകള്‍ ഉയർത്തി; ചിന്നാർ, കല്ലാർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഇടുക്കി: കല്ലാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തുന്നതിന് കളക്ടർ അനുമതി നൽകി. ചിന്നാർ, കല്ലാർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം. കല്ലാർ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലാണ് നടപടി.

ഡാമിന്‍റെ രണ്ടു ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡാമിന്‍റെ പരമാവധി ജലനിരപ്പ് 824.48 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 822 മീറ്റർ പിന്നിട്ട സാഹചര്യത്തിലാണ് രണ്ടു ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തി 10 ക്യുമെക്‌സ് ജലം ഒഴുക്കാൻ തീരുമാനമെടുത്തത്.

ജില്ലയിൽ നിലവിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടരുകയും ഡാമിന്‍റെ ഷട്ടറുകള്‍ ഉയർത്തുകയും ചെയ്ത സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാവശ്യമായ നടപടികൾ അധികൃതർ കൈക്കൊളളണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

Comments (0)
Add Comment